തിരുവനന്തപുരം : കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ ജീവനും സ്വത്തും നഷ്‌ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരമാവശ്യപ്പെട്ട് സണ്ണി ജോസഫ് നോട്ടിസ് നല്‍കിയ അടിയന്തര പ്രമേയം പരിഗണിക്കുന്നതിനിടെ നിയമസഭയില്‍ നര്‍മ്മ രംഗങ്ങള്‍.
പ്രതിപക്ഷവും സ്‌പീക്കര്‍ എം.ബി.രാജേഷും തമ്മിലുള്ള ഉരസലോടെയാണ് അടിയന്തര പ്രമേയ നോട്ടിസ് പരിഗണനയ്ക്ക് വന്നതെങ്കിലും ശൂന്യവേളയില്‍ സാധാരണ ഉണ്ടാകാറുള്ള ഭരണ-പ്രതിപക്ഷ വാക്‌പോരുണ്ടായില്ലെന്ന് മാത്രമല്ല ഇരുപക്ഷവും പലകാര്യങ്ങളിലും യോജിക്കുന്ന അപൂര്‍വ കാഴ്‌ചയുമുണ്ടായി.
ഭരണ-പ്രതിപക്ഷ വാക്‌പോരില്ലാതെ അടിയന്തര പ്രമേയ ചർച്ച
അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള പതിവ് പ്രതിപക്ഷ ഇറങ്ങിപ്പോക്കും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ഈ വിഷയം അരമണിക്കൂറിലധികം ചോദ്യോത്തര വേളയില്‍ അനുവദിച്ചതിനാല്‍ ശൂന്യവേളയില്‍ സാധാരണ അനുവദിക്കുന്ന സമയം അനുവദിക്കാനാകില്ലെന്ന് സ്‌പീക്കര്‍ പ്രഖ്യാപിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ചട്ടം 50 പ്രകാരം ശൂന്യവേളയില്‍ അതീവ ഗൗരവമുള്ള വിഷയങ്ങള്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും അത് സ്‌പീക്കര്‍ കവര്‍ന്നെടുക്കരുതെന്നും വാദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എഴുന്നേറ്റതോടെ എംബി രാജേഷ് വഴങ്ങി.
സൈറണ്‍ മുഴക്കി സ്‌പീക്കർ ; തമാശ നിറഞ്ഞ പ്രതികരണവുമായി സണ്ണി ജോസഫ്
വനമേഖല കൂടി ഉള്‍പ്പെടുന്ന പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ സണ്ണി ജോസഫ് വിഷയത്തിലൊതുങ്ങി പ്രസക്തമായിത്തന്നെ പ്രശ്‌നത്തിന്‍റെ ഗൗരവം സഭയെ ബോധ്യപ്പെടുത്തി. പ്രസംഗം അവസാനിപ്പിക്കണമെന്ന സൂചന നല്‍കി സ്‌പീക്കര്‍ പതിവ് സൈറണ്‍ മുഴക്കിയതോടെ സണ്ണി ജോസഫിലെ തമാശക്കാരനുണര്‍ന്നു.
ഇത്തരം സൈറണുകള്‍ ആനകളെ തുരത്തുന്നതിനാണ് ഉപയോഗിക്കേണ്ടതെന്നും തന്നെ തടയുന്നതിനല്ലെന്നുമുള്ള സണ്ണി ജോസഫിന്‍റെ പരാമര്‍ശം സഭയിലാകെ ചിരിപടര്‍ത്തി. എന്നാല്‍ ആനയെ തുരത്താനുള്ള ഇത്തരം സൈറണ്‍ കൊണ്ടുപോലും തനിക്ക് അങ്ങയെ നിയന്ത്രിക്കാനാകുന്നില്ലെന്ന സ്‌പീക്കറുടെ മറുപടി സഭയെ കൂട്ടച്ചിരിയില്‍ മുക്കി.
പതിവ് രാഷ്ട്രീയ ആക്രമണമൊഴിവാക്കി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് ശാസ്ത്രീയമായി എങ്ങനെ നിയന്ത്രിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസംഗത്തിന്‍റെ കാതല്‍.
വന്യമൃഗങ്ങളുടെ കൊലപാതകിയാകാന്‍ കഴിയില്ലെന്ന നിസഹായവസ്ഥയിൽ വനം മന്ത്രി
വിഷയം ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്‌പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് പ്രശംസിച്ചു. വന്യമൃഗ സംരക്ഷണ മന്ത്രിയായി മന്ത്രിസഭയിലെത്തിയ തനിക്ക് അവയുടെ കൊലപാതകിയാകാന്‍ കഴിയില്ലെന്ന നിസഹായവസ്ഥയാണ് മറുപടിയില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കുവച്ചത്.
READ MORE:വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറായെന്ന് വനം മന്ത്രി