തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവ് നേർക്കുനേർ പോര്. എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവിടുന്ന പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേയ്ക്ക് മുഖ്യമന്ത്രി താഴ്ന്നുവെന്ന് പ്രതിപക്ഷ നേതാവ്. വിമർശിക്കുന്നതിന് പരിധി വേണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം സംബന്ധിച്ച സബ്‌മിഷന്‍ ഉന്നയിയ്ക്കവേയാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേർക്കുനേർ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. സംസ്ഥാനത്തെ കോളജുകളിൽ എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടുകയാണ്. ഇതിനെ നിയന്ത്രിക്കാൻ നേതാക്കൾ ഇടപെടുന്നില്ല. എസ്എഫ്ഐ പ്രവർത്തകരെയും ഗുണ്ടകളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.
'പെണ്‍കുട്ടികളെ പഠിയ്ക്കാന്‍ വിടാനാകാത്ത സാഹചര്യം'
തിരുവനന്തപുരം ലോ കോളജിൽ യൂണിയൻ ഉദ്ഘാടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ വനിതകൾ ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകരെ മർദിച്ചു. പെൺകുട്ടിയെ വലിച്ചിഴച്ച് മർദിച്ചപ്പോൾ പൊലീസ് നോക്കിനിൽക്കുകയാണ് ചെയ്‌തത്. പെൺകുട്ടികളെ പഠിക്കാൻ വിടാൻ കഴിയാത്ത അവസ്ഥയിലേക്ക് കേരളത്തിലെ കലാലയങ്ങൾ മാറുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
സബ്‌മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിക്കുകയും പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം പഴയ ഒരു കെഎസ്‌യുകാരൻ്റേത് മാത്രമെന്ന് വിമർശിക്കുകയും ചെയ്‌തു. കെഎസ്‌യുവിൻ്റെ അക്രമങ്ങളെ അതിജീവിച്ചാണ് എസ്എഫ്ഐ വളർന്നത്. ഉത്തരവാദപ്പെട്ട ഒരു സംഘടനയെ വിമർശിയ്ക്കുന്നതിന് പരിധിയുണ്ട്.