തിരുവനന്തപുരം:വി.എസ് ശിവകുമാർ എംഎൽഎക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ശിവകുമാറിന്‍റെയും ബിനാമികളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഉൾപ്പെടെയാണ് വിജിലൻസ് സെർച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ശിവകുമാറിന്‍റെ വീട്ടിൽ നടന്ന പരിശോധനയിൽ ഇടപാടുകൾ സംബന്ധിച്ച 56 രേഖകൾ പിടിച്ചെടുത്തു. ആഡംബര നികുതി രസീത് മകളുടെ ഫീസിന്‍റെ രേഖകൾ എന്നിവയുൾപ്പെടെയുള്ള രേഖകളാണ് പിടിച്ചെടുത്തത്. ഇതുകൂടാതെ ശിവകുമാറിന്‍റെ ബിനാമിയെന്ന് കരുതുന്ന രാജേന്ദ്രന്‍റെയും ഹരി കുമാറിന്‍റെയും ഷൈജു ഹരന്‍റെയും വീടുകളില്‍ നിന്നും ഇടപാടുകൾ സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജേന്ദ്രന്‍റെ വീട്ടിലെ റെയ്ഡിൽ 72 രേഖകൾ കണ്ടെടുത്തു. 13 ആധാരങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും ആറ് ബാങ്ക് പാസ്ബുക്കുകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി.എസ് ശിവകുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു
ശിവകുമാര്‍, ശിവകുമാറിന്‍റെ ബിനാമിയെന്ന് കരുതുന്ന രാജേന്ദ്രന്‍, ഹരി കുമാര്‍, ഷൈജു ഹരന്‍ എന്നിവരുടെ വീടുകളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്
രാജേന്ദ്രന്‍റെ വിദേശത്തെ പണമിടപാട് സംബന്ധിച്ചും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി ഹരികുമാറിന്‍റെ വീട്ടിൽ നിന്ന് 25 രേഖകളും ഷൈജു ഹരന്‍റെ വീട്ടിൽ നിന്ന് 15 രേഖകളും ലഭിച്ചു. ഹരികുമാറിന്‍റെ വീട്ടിൽ നിന്ന് രണ്ട് ബാങ്ക് ലോക്കറിന്‍റെ താക്കോലുകളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇക്കാര്യങ്ങൾ വിവരിച്ചിട്ടുള്ളത്. അനുമതിയില്ലാതെ ശിവകുമാറിന് ബാങ്ക് ലോക്കറുകൾ നല്‍കുന്നതും വിജിലൻസ് വിലക്കി. ലോക്കറുകളുള്ള വഴുതക്കാട് എസ്ബിഐ ബാങ്കിനാണ് അന്വേഷണസംഘം കത്ത് നൽകിയത്. കേസന്വേഷണം നടക്കുന്നതിനാൽ ലോക്കറുകൾ പ്രവർത്തിപ്പിക്കരുതെന്നാണ് വിജിലൻസ് ബാങ്കിന് നൽകിയ കത്തിൽ പറയുന്നത്. വരുന്ന ദിവസങ്ങളില്‍ ഈ ലോക്കറുകൾ തുറന്ന് പരിശോധിക്കാനുള്ള നടപടികൾ വിജിലൻസ് സ്വീകരിക്കും.