തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ ഓഫിസുകളിൽ ക്രമക്കേടുകളുടെ കൂമ്പാരം കണ്ടെത്തി വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ 'നിർമാൺ' എന്ന പേരിൽ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അവയുടെ സോണൽ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ ലഭിച്ചത് ഞെട്ടിക്കുന്ന തട്ടിപ്പിൻ്റെ വിവരങ്ങളാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് തീരുമാനിച്ചതായി വിജിലൻസ് ഡയറക്‌ടർ സുധീഷ് കുമാർ ഐപിഎസ് അറിയിച്ചു.
കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി കാര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതായും കൈക്കൂലി നൽകാൻ വിസമ്മതിക്കുന്ന പാവപ്പെട്ടവരുടെ അപേക്ഷകൾ വിവിധ കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കുന്നതായും വിജിലൻസ് കണ്ടെത്തി. കൈക്കൂലിക്ക് വേണ്ടി മാത്രം ഫയലുകൾ താമസിപ്പിക്കുന്നു, കൈക്കൂലി വാങ്ങി ചില സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു, ട്രഷറിയിൽ അടയ്‌ക്കേണ്ട പണം ദിവസങ്ങളോളം അനധികൃതമായി ഉദ്യോഗസ്ഥർ കയ്യിൽ സൂക്ഷിക്കുന്നു തുടങ്ങി ഗുരുതരമായ
ക്രമക്കേടുകളാണ് വിജിലൻസ് കോർപ്പറേഷൻ ഓഫിസുകളിൽ കണ്ടെത്തിയത്.
ക്രമക്കേടുകളുടെ തലസ്ഥാനം
നിരന്തരമുള്ള അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കണ്ടെത്തിയത്.
1. വിഴിഞ്ഞം സോണൽ ഓഫിസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29ന് വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത തുക ഇന്നു വരെ ട്രഷറിയിൽ അടച്ചിട്ടില്ല.
2. കോർപ്പറേഷൻ വാഹനങ്ങളുടെ ഇന്ധനക്ഷമത പരിശോധന നടത്താറില്ല. ഇവയുടെ ലോഗ് ബുക്കും സൂക്ഷിക്കുന്നില്ല.