തിരുവനന്തപുരം: ഒരാഴ്‌ചയായ കുതിച്ചുയര്‍ന്ന പച്ചക്കറി വില കുറഞ്ഞു തുടങ്ങുന്നതായി വ്യാപാരികള്‍. വീട്ടമ്മമാരെ ഏറ്റവുമധികം കണ്ണീരിലാഴ്ത്തി 100ലേക്ക് കുതിച്ചു കയറിയ തക്കാളി വില 70 രൂപയിലെത്തി. തക്കാളിയുടെ മൊത്തവില 60- 55 രൂപയായി കുറഞ്ഞതായും വരും ദിവസങ്ങളില്‍ വില വീണ്ടും കുറയുമെന്നും ചാലയിലെ വ്യാപാരികള്‍ പറയുന്നു.
60 രൂപയായിരുന്ന വെള്ളരിക്കയുടെ വില 60ല്‍ നിന്ന് 35 രൂപയിലെത്തിയതും ആശ്വാസമാണ്. അതേസമയം കറികളില്‍ ആവശ്യം പോലെ മുരിങ്ങാക്ക ചേര്‍ക്കുന്ന മലയാളിയുടെ ശീലം തല്‍ക്കാലമെങ്കിലും ഉപേക്ഷിക്കേണ്ടിവരും. ഇന്നും മുരിങ്ങക്ക കിലോഗ്രാമിന് 100 രൂപയായി തുടരുന്നു. ബീന്‍സിന്‍റെ വിലയും 70ല്‍ തുടരുകയാണ്.
ചാല കമ്പോളത്തിലെ പച്ചക്കറിയുടെ വില
വെണ്ടക്ക-50 രൂപ
കത്തിരിക്ക-50 രൂപ
വഴുതന-60 രൂപ
തക്കാളി-60-70 രൂപ
അമരക്ക-50 രൂപ
കാബേജ്-30 രൂപ
പച്ചമുളക്-40 രൂപ
മുരിങ്ങക്ക-100 രൂപ
മാങ്ങ-50 രൂപ
പടവലം-50 രൂപ
ബീന്‍സ്-70 രൂപ
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന മാത്രമല്ല, കേരളത്തിലേക്കാവശ്യമായ പച്ചക്കറികളെത്തുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ രൂക്ഷമായ വെള്ളപ്പൊക്കവും പച്ചക്കറി വില കുത്തനെ ഉയരുന്നതിനു കാരണമായെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേ സമയം പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ ഹോര്‍ട്ടികോപ് വിപണിയിലിടപെടുമെന്ന അവകാശവാദം കളവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
മുന്‍ കാലങ്ങളില്‍ ഇതു പോലെ കമ്പോള ഇടപെടലിന്‍റെ ഭാഗമായി പച്ചക്കറി വാങ്ങിയ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ഹോര്‍ട്ടിക്കോപ്പ് നല്‍കാനുണ്ടെന്ന് ചാലയിലെ വ്യാപാരികള്‍ ആരോപിച്ചു. കുടിശിക തീര്‍ക്കാതെ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കില്ലെന്നാണ് ചാലക്കമ്പോളത്തിലെ വ്യാപാരികളുടെ തീരുമാനം.
READ MORE:Essential commodities price hike: ഇന്ധന വിലവർധനവിനൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ അവശ്യസാധന വില