തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിനുള്ള തിരിച്ചടിയാണ് സർക്കാറിന് തൃക്കാക്കരയിൽ ലഭിച്ചത്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മുഖ്യമന്ത്രിയിൽ നിന്ന് ഉത്തരം കിട്ടാനുള്ള ഭാഗ്യം ഉണ്ടോയെന്നറിയില്ലെന്നും സതീശൻ പറഞ്ഞു.
വർഗീയ കക്ഷികളുടെ തിണ്ണ നിരങ്ങിയല്ല കോൺഗ്രസ് തൃക്കാക്കരയിൽ വിജയിച്ചത്; വിഡി സതീശൻ വർഗീയ കക്ഷികളുടെ തിണ്ണ നിരങ്ങിയല്ല തൃക്കാക്കരയിൽ യുഡിഎഫ് വിജയിച്ചത്. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടില്ല. മതേതര കാഴ്‌ചപ്പാടിൽ കോൺഗ്രസ് ഒരിക്കലും വെള്ളം ചേർക്കാറില്ലെന്നും അതുകൊണ്ടുതന്നെ ബിജെപിയും സംഘപരിവാറും ആയി ഒരിക്കലും സന്ധി ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു.
'സർക്കാർ ഒന്നും ചെയ്‌തിട്ടില്ല': സംസ്ഥാന സർക്കാർ തുടർച്ചയായി വ്യാജപ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. 2016 ലെ തെരഞ്ഞെടുപ്പിൽ 600 വാഗ്‌ദാനങ്ങളിൽ നൂറെണ്ണം പോലും നടപ്പിലാക്കിയിട്ടില്ല. എന്നിട്ടും 570 എണ്ണം നടപ്പിലാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. സർക്കാരിന്‍റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും കബളിപ്പിക്കുന്നതാണ്. സർക്കാരിന്‍റെ തെറ്റായ അവകാശവാദം സംബന്ധിച്ച് പ്രതിപക്ഷം സംവാദത്തിന് തയ്യാറാണെന്നും വിഡി സതീശൻ പറഞ്ഞു.
നികുതി പിരിവിലടക്കം സർക്കാർ പരാജയമാണ്. ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയെ തകർത്ത് കരാർ കമ്പനി ഉണ്ടാക്കിയിരിക്കുകയാണ്. ലാഭമുള്ള റൂട്ടുകൾ മുഴുവൻ കരാർ കമ്പനിയായ കെ.സിഫ്റ്റിന് നൽകി. ഇതോടെ കെഎസ്ആർടിസിക്ക് ഷട്ടർ ഇടാൻ പോകുകയാണ്. തൊഴിലാളി വിരുദ്ധ നയമാണ് സർക്കാർ ഈ വിഷയത്തിൽ സ്വീകരിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.