തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതിന് പിന്നില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരും അദാനി ഗ്രൂപ്പും ചേര്‍ന്ന് വിഴിഞ്ഞം പദ്ധതി തകര്‍ക്കരുത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇപ്പോള്‍ മൂന്നു വര്‍ഷം കൂടി വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
അതേ സമയം കരാര്‍ വ്യവസ്ഥകള്‍ അദാനി ഗ്രൂപ്പ് ലംഘിച്ചിട്ടും അതിനെതിരെ നിയമ നടപടി സ്വീകരിക്കാനോ വ്യവസ്ഥ പ്രകാരമുളള പിഴ ഈടാക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.
സർക്കാർ കരാർ വ്യവസ്ഥകൾ അവഗണിക്കുന്നു
ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന വ്യവസ്ഥയോടെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാര്‍ ഉണ്ടാക്കിയത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 3 മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് മുന്നോട്ടു പോകാനാകും. അതിനു ശേഷവും പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പ്രതിദിനം 12 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.