തിരുവനന്തപുരം: അടി മുതല്‍ മുടി വരെ ഘടനാപരമായ മാറ്റത്തിന് യുഡിഎഫ് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തൊഴികെ മറ്റു സമയങ്ങളിലുള്ള ദുര്‍ബ്ബലമായ സംഘടന സംവിധാനമെന്നതില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയ വേദിയാക്കാന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു. ഘടക കക്ഷികളുമായി സുദൃഢമായ ബന്ധത്തിന് ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും ശക്തിപ്പെടുത്തും.
ഘടകകക്ഷി സ്ഥാനാര്‍ഥിക്ക് കൂടുതല്‍ പിന്തുണ
നിലവിലെ സംവിധാനത്തിന് പുറമേ പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ യുഡിഎഫ് കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ മത്സരിക്കുന്ന ഘടക കക്ഷി സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മതസരിക്കുന്നതിലും വലിയ പിന്തുണ തെരഞ്ഞെടുപ്പുകളില്‍ നല്‍കുന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
22ന് മുഴുവന്‍ സമയ അവലോകന യോഗം
യുഡിഎഫിന്‍റെ പരാജയം വിലയിരുത്താന്‍ സെപ്‌റ്റംബര്‍ 22ന് മുഴുവന്‍സമയ അവലോകന യോഗം ചേരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്‌റ്റംബര്‍ 20ന് നിയോജക മണ്ഡലം തലങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും. സെപ്‌റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിയോജക മണ്ഡലം തലത്തില്‍ യുഡിഎഫ് പുന:സംഘടിപ്പിക്കും.
അതേസമയം, ആര്‍എസ്‌പി മുന്നണി വിടുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. യുഡിഎഫ് യോഗത്തില്‍ ഒരു തരത്തിലുള്ള തര്‍ക്കങ്ങളുമുണ്ടായില്ല. ആര്‍എസ്‌പി മുന്നണി വിടുമെന്നത് ഊഹാപോഹം മാത്രമാണെന്നും എന്തിനാണ് ഇത്തരം ചോദ്യങ്ങളുന്നയിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
Also read: കെ സുധാകരൻ നേരിട്ട് എത്തി... എല്ലാം പറഞ്ഞു തീർത്തു, കോൺഗ്രസില്‍ മഞ്ഞുരുകി