കേരളം

kerala

By

Published : Oct 30, 2021, 3:37 PM IST

ETV Bharat / city

സ്‌ത്രീവിരുദ്ധ പരാമർശം : പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് നേരെ കന്‍റോണ്‍മെന്‍റ് സി.ഐ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് വിഡി സതീശൻ

VD SATHEESHAN  യൂത്ത് കോണ്‍ഗ്രസ്  സ്ത്രീവിരുദ്ധ പരാമര്‍ശം  വി.ഡി സതീശന്‍  ഫേസ്ബുക്ക്  അഡ്വ. വീണ എസ്. നായർ  എ.ഐ.എസ്.എഫ്  എസ്.എഫ്.ഐ  സി.പി.ഐ  പ്രതിപക്ഷ നേതാവ്  കന്‍റോണ്‍മെന്‍റ് സി.ഐ  പൊലീസ്
സ്‌ത്രീവിരുദ്ധ പരാമർശം; പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കന്‍റോണ്‍മെന്‍റ് സി.ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദത്തുവിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ അറസ്റ്റുചെയ്യപ്പെട്ട വനിതാനേതാക്കളെ സിഐ അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ നേരിട്ട അവഹേളനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് സതീശൻ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നതും അപമാനിക്കുന്നതും കേരളത്തില്‍ പതിവ് രീതിയായി മാറിയിരിക്കുകയാണ്. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ വനിതാനേതാക്കള്‍ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് കന്‍റോണ്‍മെന്‍റ് സി.ഐ നടത്തിയത്.

നവോഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാന്‍ അറിയാത്തയാള്‍ നിയമപാലകനായിരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ ഫേസ്ബുക്കിൽ കുറിച്ചു.

എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാനേതാവിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരല്‍ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേത്. സി.പി.ഐ മന്ത്രിമാര്‍ മൗനം അലങ്കാരമാക്കിയതുപോലെയാണ് ഞങ്ങളുമെന്ന് കരുതരുത്.

ALSO READ :പിടിതരാതെ ഇന്ധന വില; ദുഃസഹം ജനജീവിതം

സമരമുഖത്ത് തല്ലിച്ചതച്ചാലും സൈബര്‍ ആക്രമണം നടത്തിയാലും തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം. ഭരണത്തിന്‍റെ തണലില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ അഹങ്കാരവും കൈയ്യൂക്കും കാട്ടാമെന്നോ ഞങ്ങളുടെ സഹോദരിമാരെ അപമാനിക്കാമെന്നോ കരുതേണ്ട. ഞങ്ങളുടെ പെണ്‍കുട്ടികളെ വാക്കുകള്‍ കൊണ്ടുപോലും അരക്ഷിതരാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details