തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയൻസ് പാർക്കിൽ വാക്‌സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭ തീരുമാനം. വാക്‌സിന്‍ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ തയ്യാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കും.
ലീസ് പ്രീമിയത്തിൻ്റെ 50 ശതമാനം സബ്‌സിഡിയോടെ 60 വർഷത്തേക്ക് ഭൂമി പാട്ടത്തിനു നൽകും. സംസ്ഥാന വാക്‌സിന്‍ നയം വികസിപ്പിക്കുന്നതിൻ്റെ ചുമതല ഡോ. ബി ഇക്ബാലിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ എൽപ്പിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംരംഭങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍
പാട്ടക്കരാർ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുന്നതടക്കം വാക്‌സിന്‍ നിർമാണ സംരംഭങ്ങൾക്ക് വലിയ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്. മൂലധന സഹായം, വായ്‌പ തിരിച്ചടവിന് ദീർഘകാല അനുമതി, വൈദ്യുത ചാർജ് ഇളവ്, അതിവേഗം ഏകജാലക അനുമതിയും ഫാസ്ട്രാക്ക് അംഗീകാരവും തുടങ്ങിയവ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്പനികളെ ക്ഷണിക്കുന്നതിന് രണ്ട് വ്യത്യസ്‌ത താൽപര്യപത്രം തയ്യാറാക്കും. സാങ്കേതിക സമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യതയുള്ള കമ്പനികളെ ആങ്കർ ഇൻഡസ്ട്രീസ് ആയി പരിഗണിച്ച് യൂണിറ്റ് സ്ഥാപിക്കാൻ ക്ഷണിക്കും.
ലൈഫ് സയൻസ് പാർക്കിൽ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻ്റായി വാക്‌സിന്‍ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിങ് ഗ്രൂപ്പ് അംഗവും എച്ച്എൽഎൽ ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്‌ലയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: അനധികൃത കൊവിഡ് പരിശോധന; സ്വകാര്യ ലാബ് ജില്ല ഭരണകൂടം അടച്ച് പൂട്ടി