തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്‍റെ സൂചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലൻസിന്‍റെ പരിശോധനയെയാണ് ധനകാര്യമന്ത്രി തള്ളിപ്പറയുന്നത്. ധനകാര്യമന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം സർക്കാരിന്‍റെ അഴിമതികൾ തുറന്നുകാട്ടാൻ സംസ്ഥാന അന്വേഷണ ഏജൻസികളും തയാറാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. വിജിലൻസിനെ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
സര്‍ക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെട്ടു; ധനമന്ത്രി രാജിവയ്‌ക്കണമെന്ന് വി. മുരളീധരൻ - വി മുരളീധരൻ
കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം സർക്കാരിന്‍റെ അഴിമതികൾ തുറന്നുകാട്ടാൻ സംസ്ഥാന അന്വേഷണ ഏജൻസികളും തയാറാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത്. വിജിലൻസിനെ അഭിനന്ദിക്കുന്നുവെന്ന് വി. മുരളീധരൻ
നാലര വർഷം മിണ്ടാതിരുന്ന സർക്കാർ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കളുടെ അഴിമതികൾ പൊടിതട്ടിയെടുത്ത് അന്വേഷിക്കുകയാണ്. ഇരുകൂട്ടരും അഴിമതിക്കാരാണെന്ന് വിലയിരുത്താൻ ഇത് ജനങ്ങൾക്ക് സഹായകമായി. സംസ്ഥാനത്ത് എൽഡിഎഫിനും യുഡിഎഫിനും ഭീഷണിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉയർന്നുവരുന്നുവെന്നാണ് അവരുടെ തന്നെ വാക്കുകൾ വ്യക്തമാക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
ഡൽഹിയിൽ സമരം ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട കർഷകരോ, കർഷകർ എന്ന പേരിൽ കലാപമുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇടനിലക്കാരോ ആണ്. അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കാറായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് സർവീസ് പൂർണമാക്കും. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റു പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവരെ സ്വീകരിക്കാൻ തയാറാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.