ധൂർത്തില്‍ കുളിച്ച് പിണറായി സർക്കാർ; ഏഴ് ലക്ഷത്തിന്‍റെ കെട്ടിടം പൊളിച്ച് 82 ലക്ഷത്തിന്‍റെ ഇഎംഎസ് മന്ദിരം - നിയമസഭാ മ്യൂസിയം ചില്‍ഡ്രന്‍സ് ലൈബ്രറി
ഇം.എം.എസ് സ്മൃതി വിഭാഗത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ടെണ്ടറില്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. ഏഴ് ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചു. സ്വകാര്യ വ്യക്തിയുടെ പ്രൊജക്ടിന്‍റെ അടിസ്ഥാനത്തില്‍ ടെണ്ടറില്ലാതെ നിർമാണ അനുമതി നല്‍കിയ സംഭവത്തില്‍ സ്പീക്കറും സർക്കാരും വിശദീകരണം നല്‍കേണ്ടി വരും.
തിരുവനന്തപുരം; ട്രഷറി നിയന്ത്രണം അടക്കം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ 82 ലക്ഷം രൂപ ചിലവിട്ട് നിയമസഭാ മ്യൂസിയത്തില്‍ ഇ.എം.എസ് സ്മൃതി വിഭാഗം ആരംഭിക്കാനുള്ള നീക്കം വിവാദമാകുന്നു. ജി.കാര്‍ത്തികയന്‍ സ്പീക്കറായിരിക്കേ 2014 നിയമസഭാ മ്യൂസിയത്തില്‍ നിര്‍മ്മിച്ച ഏഴ് ലക്ഷം രൂപയുടെ ചില്‍ഡ്രന്‍സ് ലൈബ്രറി ഇതിനായി പൊളിച്ചു നിരത്തി. ഇ.എം.എസ് സ്മൃതി വിഭാഗം നിര്‍മ്മിക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റ് 82,56,377 രൂപയുടെ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ശരത് ചന്ദ്രന്‍ എന്ന വ്യക്തി നല്‍കിയ പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സ്മൃതി ഭവന്‍ നിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ നിയമസഭാ സെക്രട്ടേറിയേറ്റ് വിശദീകരിക്കുന്നു.