അഞ്ച് മണ്ഡലവും നേടി കരുത്ത് കാട്ടാനിറങ്ങിയ യു.ഡി.എഫിന് പിഴച്ചു. വര്‍ഷങ്ങളായി കുത്തകയാക്കി വെച്ചിരുന്ന വട്ടിയൂര്‍ക്കാവും കോന്നിയും കൈവിട്ടു. എറണാകുളത്ത് വിജയം നേടാനായെങ്കിലും അപരനെ നിര്‍ത്തിയാണ് വിജയിച്ചതെന്ന പഴി ബാക്കിയായി. മണ്ഡലം രൂപീകരിച്ചത് മുതല്‍ യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന വട്ടിയൂര്‍ക്കാവിനെ കൂടാതെ 23വര്‍ഷമായി ആധിപത്യം പുലര്‍ത്തിയ കോന്നിയും യുഡിഎഫിന് നഷ്ടമായി.
ഈ നഷ്ടങ്ങളെല്ലാം നികത്തുന്ന വിജയമാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 2079 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചതെങ്കിലും വർഷങ്ങളായി എല്‍.ഡി.എഫ് കുത്തയാക്കിവെച്ചിരുന്ന മണ്ഡലം പിടിച്ചെടുക്കാനായി എന്നത് യുഡിഎഫ് ക്യാമ്പുകൾക്ക് സന്തോഷം പകരുന്നതാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നെണ്ണം ജയിച്ചെങ്കിലും യുഡിഎഫില്‍ തിളക്കമുള്ള ജയം നേടിയത് ഷാനി മോള്‍ ഉസ്മാന്‍ തന്നെയാണ്. അവസാന നിമിഷം വരെ രാഷ്ട്രീയ കേരളം അരൂരിലേക്ക് മാത്രം കണ്ണുനട്ടിരുന്നു.
മണ്ഡല രൂപീകരണം മുതൽ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 10ലും അരൂർ മണ്ഡലം ഇടതിനൊപ്പം നിന്നു. കെ.ആർ ഗൗരിയമ്മയാണ് അരൂരിൽ ഏറ്റവും കൂടുതൽ തവണ വിജയക്കൊടി പാറിച്ചത്. ഏഴ് തവണ ഇടതു മുന്നണിക്കൊപ്പവും, ജെ.എസ്.എസ് രൂപീകരണത്തിനു ശേഷം രണ്ടു തവണ വലത് മുന്നണിക്കൊപ്പവും ഗൗരിയമ്മ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. 2006 മുതൽ തുടർച്ചയായ മൂന്നു തവണ മണ്ഡലം കീഴടക്കിയത് എം.എം. ആരിഫാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആലപ്പുഴ കൈവിട്ട ഷാനിമോളെ സഹതാപ തരംഗം തുണച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.