തിരുവനന്തപുരം: കേരള കോൺഗ്രസിലെ പ്രശ്ന പരിഹാരത്തിനായി യുഡിഎഫില്‍ തിരക്കിട്ട ശ്രമം. ജോസ്.കെ.മാണിയുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തി.
രണ്ടില പിളരാതിരിക്കാൻ സമവായവഴിയുമായി യുഡിഎഫ്
ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ഇരു പക്ഷവും നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് സമവായ ശ്രമവുമായി യുഡിഎഫ് നേതൃത്വം രംഗത്ത് എത്തിയത്
പി.ജെ ജോസഫുമായി നാളെ ചർച്ച നടത്തും. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ഇരു പക്ഷവും നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് സമവായ ശ്രമവുമായി യുഡിഎഫ് നേതൃത്വം രംഗത്ത് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ ഉപ നേതാവ് എംകെ മുനീർ എന്നിവരാണ് ചർച്ച നടത്തിയത്. ഇരുവിഭാഗവും ഒന്നിച്ചു പോകണമെന്ന് യുഡിഎഫ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. സമവായ സാധ്യതകൾ അടയ്ക്കരുത്. പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് എന്നും ഇരുകൂട്ടർക്കും യുഡിഎഫ് നിർദ്ദേശം നൽകി. പരമാവധി വിട്ടുവീഴ്ചയ്ക്ക് ശ്രമിച്ചെന്ന് ജോസ് കെ മാണി ചർച്ചയിൽ അഭിപ്രായപ്പെട്ടു. മാണിസാർ കൂട്ടിയിണക്കിയത് അടർന്നു പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എന്ന ചർച്ചകൾക്കുശേഷം യുഡിഎഫ് നേതാക്കൾ അറിയിച്ചു. ഒരുതരത്തിലുള്ള ഉപാധികളും ചർച്ചയിൽ ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
ചെയർമാൻ സ്ഥാനം വിട്ടു കൊണ്ടുള്ള ഒരു നീക്കുപോക്കിനും തയ്യാറല്ല എന്ന സൂചന തന്നെയാണ് ചർച്ചകൾക്കുശേഷം ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ജോസ് കെ മാണി തന്നെയാണ് ചെയർമാൻ. അക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി.