തിരുവനന്തപുരം: വലിയവേളി കടപ്പുറത്ത് രണ്ട് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയവേളി തൈവിളാകത്ത് മത്സ്യത്തൊഴിലാളിയായ അനീഷ് - സുലു ദമ്പതികളുടെ ഏക മകൻ ഇക്കാലിയയാണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം.
രണ്ട് വയസുകാരനെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി - തിരയിൽപ്പെട്ട് കുഞ്ഞ് മരിച്ചു
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തിരയിൽപ്പെട്ട് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി..
അയൽ വീട്ടിലെ കുട്ടികളോടൊപ്പം കളിക്കവേ കുഞ്ഞിനെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മുന്നൂറുമീറ്റർ മാറി വേളി പൊഴിക്കരയ്ക്ക് സമീപം കടൽക്കരയിൽ കുഞ്ഞിനെ കണ്ടെത്തി. തുമ്പ സി.ഐ അജീഷിന്‍റെ നേതൃത്വത്തിൽ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം വേളി പള്ളിയിൽ സംസ്‌കരിക്കും.