തിരുവനന്തപുരം: ലൈംഗിക പീഡനത്തെ തുടർന്ന് 5 ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത വിതുരയിൽ വീണ്ടും ആദിവാസി പെൺകുട്ടികൾ പീഡനത്തിനിരയായി. സംഭവത്തിൽ ബന്ധുവും ഇയാളുടെ സുഹൃത്തുമുൾപ്പെടെ 2 പേർ അറസ്റ്റിൽ. വിതുര പൊട്ടൻകുളം സ്വദേശി രഞ്ജുവെന്ന വിനോദ് (32), ഇയാളുടെ സുഹൃത്തും കിളിമാനൂർ സ്വദേശിയുമായ ശരത്ത് (23) എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.
രഞ്ജുവിൻ്റെ ബന്ധത്തിലുള്ള 16,14 വയസുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. ഈ മാസം 28നാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് ഫോണിലൂടെ വിളിച്ചു വരുത്തി കിളിമാനൂരുള്ള വാടക വീട്ടിൽ വച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികൾ വീട്ടിൽ ഇല്ലാത്തത് അറിഞ്ഞ മാതാപിതാക്കൾ ഇവർ രഞ്ജുവിനൊപ്പമുണ്ടെന്നറിഞ്ഞ് കിളിമാനൂരെത്തി. ഇതറിഞ്ഞ പ്രതി പെൺകുട്ടികളെ വീട്ടിൽ പൂട്ടിയിട്ട ശേഷം കടന്നു കളയുകയായിരുന്നു.