തിരുവനന്തപുരം:റോഡുകളും പാലങ്ങളും ഒക്കെയായി അടിസ്ഥാന വികസനത്തില്‍ കേരളം വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് സർക്കാർ വാദം. അതിനെ ശരിവെയ്ക്കുന്ന രീതിയില്‍ കൊച്ചിയില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേല്‍പ്പാലങ്ങൾ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പക്ഷേ 10 വർഷം മുൻപ് പണി തുടങ്ങിയ നാല് വരി പാത നിർമാണം പാതിവഴിയില്‍ പോലുമെത്താതെ നില്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയില്‍ അവസാനിക്കുന്ന റോഡ് നിർമാണമാണ് വഴിതെറ്റിയത്.
2011ലാണ് 32 കിലോമീറ്ററില്‍ കരമന -കളിയിക്കാവിള നാല് വരിപ്പാത എന്ന സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിയുടെ തുടക്കം മുതല്‍ സ്ഥലമേറ്റെടുപ്പ് അടക്കം നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട്. 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടർന്ന് 30 മീറ്ററില്‍ സമവായമായി. വി.എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ അവസാന സമയത്താണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടക്കത്തില്‍ മറന്നെങ്കിലും പിന്നീട് മൂന്ന് ഘട്ടങ്ങളായി യാഥാര്‍ഥ്യമാക്കാനുള്ള നീക്കം തുടങ്ങി. ഒന്നാംഘട്ടത്തിലെ ആദ്യ റീച്ചായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കലും തര്‍ക്കങ്ങളും പരിഹരിച്ച് 2014 നവംബറില്‍ നിര്‍മ്മാണം തുടങ്ങി. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കേരള വാട്ടര്‍ അതോറിറ്റി പോലുള്ള ചില വകുപ്പുകളുടെ നിസഹകരണം കാരണം പദ്ധതി പിന്നെയും വൈകി.
എന്നിട്ടും കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞു. പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. ഈ പദ്ധതി ഉയര്‍ത്തി വലിയ പ്രചരണങ്ങളും വാഗ്ദാനങ്ങളുമുണ്ടായി. രണ്ടാം ഘട്ടം നിര്‍മ്മാണം വേഗത്തില്‍ നടത്തുമെന്നായിരുന്നു പ്രധാന വാഗ്ദാനം. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം ജംഗ്ഷനും കടന്ന് വഴിമുക്കു വരെയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. അവിടെയാണ് യഥാർഥ പ്രശ്നം കാത്തിരുന്നത്. ഗതാഗത കുരുക്കില്‍ ശ്വാസം മുട്ടി നട്ടം തിരിയുന്ന ബാലരാമപുരത്തുകാർ റോഡ് വികസനം സ്വപ്‌നം കണ്ടു.