തിരുവനന്തപുരം:ഓണാഘോഷത്തിനിടെ ഭക്ഷണം മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർക്കെതിരായ നടപടി പിൻവലിക്കുന്നു. പ്രതിഷേധിച്ചതിന് നടപടി വേണ്ടെന്ന സിപിഎം നേതൃത്വത്തിന്‍റെ നിർദേശത്തെത്തുടർന്നാണ് നടപടി റദ്ദാക്കുന്നത്.
ഡ്യൂട്ടി മുടക്കി ഓണാഘോഷം അനുവദിക്കാതിരുന്നതിനെതിരെയാണ് ചാല സർക്കിളിലെ ജീവനക്കാർ പ്രതിഷേധിച്ചത്. സംഭവം വിവാദമായതോടെ 11 പേർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ നടപടി നിർദ്ദേശിച്ചിരുന്നു. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയുമാണ് ഉണ്ടായത്.
ALSO READ: ഓണമാഘോഷിക്കാന്‍ അനുവദിച്ചില്ല; ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം
സെപ്‌റ്റംബർ നാലാം തിയതിയായിരുന്നു സംഭവം. നഗരസഭ സര്‍ക്കിള്‍ ഓഫിസുകളിലെ ഓണാഘോഷം ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാനൊരുങ്ങിയപ്പോള്‍ ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു
ഇതാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. തുടർന്ന് തയാറാക്കി വെച്ചിരുന്ന ഭക്ഷണം സിഐടിയുവിന്‍റെ കീഴിലുള്ള ഒരുവിഭാഗം ജീവനക്കാര്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.