കേരളം

kerala

ETV Bharat / city

തിരുവനന്തപുരം നഗരസഭ മേയര്‍; സജീവ ചര്‍ച്ചയുമായി മുന്നണികള്‍

ഭരണം നിലനിർത്താനുള്ള തന്ത്രങ്ങളുമായി സി.പി.എമ്മും, സ്വതന്ത്രനെ നിർത്തി കോർപ്പറേഷൻ പിടിക്കാനുള്ള തന്ത്രങ്ങളുമായി ബി.ജെ.പിയും കോൺഗ്രസും ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസും, ബി.ജെ.പിയും ഒന്നിച്ചാല്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്‌ടമാകും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി - കോണ്‍ഗ്രസ് ധാരണ? മേയര്‍ സ്ഥാനത്തേക്ക് പൊതുസ്വതന്ത്രന്‍ മല്‍സരിച്ചേക്കും

By

Published : Oct 26, 2019, 10:00 AM IST

Updated : Oct 26, 2019, 12:28 PM IST

തിരുവനന്തപുരം: വട്ടിയൂർകാവ് എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട വി.കെ പ്രശാന്ത് ഇന്ന് മേയർ സ്ഥാനം രാജിവയ്ക്കുന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയർക്കായുള്ള ചർച്ചകളും ചൂടുപിടിക്കുകയാണ്. 44 അംഗങ്ങളുള്ള എൽ.ഡി.എഫ് ആണ് നിലവിൽ കോർപ്പറേഷൻ ഭരിക്കുന്നത്. ബി.ജെ.പിക്ക് 31 അംഗങ്ങളും യുഡിഎഫിന് 21 അംഗങ്ങളുമാണ് കൗൺസിലുള്ളത്. കണക്കുകൾ നോക്കുകയാണെങ്കിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് നിന്നാൽ കോർപ്പറേഷൻ ഭരിക്കാം. എന്നാൽ ഇത്തരത്തിലൊരു നീക്കം നടത്തുന്നത് ഇരുകൂട്ടർക്കും രാഷ്‌ട്രീയമായി ഏറെ വെല്ലുവിളികൾ സൃഷ്‌ടിക്കും. അതുകൊണ്ടാണ് സ്വതന്ത്രനെ മേയർ സ്ഥാനത്തേക്ക് നിർത്തി വിജയിപ്പിക്കുക എന്ന തന്ത്രവുമായി യു.ഡി.എഫും, ബി.ജെ.പിയും രംഗത്തെത്തിയത്. അതേസമയം പ്രതിപക്ഷത്തുള്ള ഇരു കക്ഷികളുടെയും നീക്കം ഇടതുമുന്നണിയേയും ഞെട്ടിച്ചിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും ഒരുമിക്കുന്നുവെന്ന വാർത്തകൾ ശരിയാണെങ്കിൽ അതിനുള്ള തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇത്തരമൊരു രാഷ്‌ട്രീയ ആത്മഹത്യ കോൺഗ്രസ് ചെയ്യുമെന്ന് കരുതുന്നില്ല. പുതിയ മേയറെ സംബന്ധിച്ച ചർച്ചകൾ സി.പി.എം തുടങ്ങിയിട്ടില്ല. കൃത്യസമയത്ത് തീരുമാനമുണ്ടാകും. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നതിന് സി.പി.എമ്മിന് അധികം സമയം വേണ്ടെന്നും അനാവൂർ നാഗപ്പൻ വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭ മേയര്‍; സജീവ ചര്‍ച്ചയുമായി മുന്നണികള്‍
ഇതുവരെയും കോൺഗ്രസും ബി.ജെ.പിയും ഭരണപക്ഷത്തിനെതിരെ ഒരുമിച്ച് വോട്ട് ചെയ്യുകയോ അവിശ്വാസത്തെ ഒരുമിച്ച് പിന്തുണയ്‌ക്കുകയോ ചെയ്‌തിട്ടില്ല. ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ ആയിട്ടില്ലെങ്കിലും സി.പി.എമ്മിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചില പേരുകൾ ഉയർന്നു വരുന്നുണ്ട്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ശ്രീകുമാർ, വികസന സ്‌റ്റാന്‍ന്‍റിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു, പുഷ്‌പലത തുടങ്ങിയവരുടെ പേരുകളാണ് സിപിഎമ്മിനുള്ളില്‍ ഉയർന്നുവരുന്നത്. യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നാൽ കുന്നുകുഴി കൗൺസിലറായ ഐ.പി ബിനുവിന്റെ പേരും പരിഗണിക്കപ്പെടാം.
Last Updated : Oct 26, 2019, 12:28 PM IST

ABOUT THE AUTHOR

...view details