തിരുവനന്തപുരം: തന്‍റെ കവിതകളിലൂടെ മലയാളിയുടെ പരിസ്ഥിതി സ്നേഹത്തിന് ദിശാബോധം പകർന്ന കവയത്രി സുഗതകുമാരി മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇക്കഴിഞ്ഞ ഡിസംബര്‍ 23 ആണ് വിട വാങ്ങിയത്. ഇന്ന് സുഗതകുമാരിയുടെ 87 ആം ജന്മദിനമാണ്. കവയത്രി, സാമൂഹ്യ പ്രവർത്തക, പ്രകൃതി സംരക്ഷണ പ്രവർത്തക എന്നീ നിലകളിൽ പ്രവര്‍ത്തിച്ച സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് കേരളത്തിലുടനീളം വിവിധ മേഖലകളിൽ നിന്നുള്ളവർ വൃക്ഷത്തൈകൾ നട്ടു.
ഇതിന്‍റെ ഭാഗമായി സുഗതകുമാരിയുടെ ഓർമക്കായി നിയമസഭ മന്ദിരത്തില്‍ പവിഴമല്ലിയും നട്ടു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് പവിഴമല്ലി തൈ നട്ടത്. സുഗതകുമാരിയുടെ കവിതയായ പവിഴമല്ലിയുടെ ഓർമയിലാണ് പവിഴമല്ലി തൈ തന്നെ തെരഞ്ഞെടുത്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യുമോണിയയും ശ്വാസതടസവും ഉണ്ടാവുകയും ഡിസംബര്‍ 23ന് മരണം സംഭവിക്കുകയുമായിരുന്നു. രാത്രിമഴ, അമ്പലമണി, മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ തുടങ്ങി നിരവധി സാഹിത്യകൃതികളുടെ രചയിതാവായ സുഗതകുമാരി, പത്മശ്രീ പുരസ്‌കാര ജേതാവും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമാണ്. സംസ്ഥാന വനിതാ കമ്മീഷന്‍റെ അധ്യക്ഷയുമായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്‌കാരത്തിന് 2009ൽ സുഗതകുമാരി അർഹയായിട്ടുണ്ട്.