തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാരണം നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് നാളെ മുതൽ ഭാഗികമായി പുനരാരംഭിക്കും. തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി , തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് , തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി , എറണാകുളം - നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്, തുരന്തോ എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജങ്ഷൻ തുടങ്ങിയ ട്രെയിനുകളാണ് സർവീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് രാവിലെ 5:45 നാണ് തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നത്. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും.
സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിൻ സര്‍വീസ് ആരംഭിക്കും
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. മാസ്ക് ധരിച്ചെത്തുന്നവർക്കു മാത്രമേ സ്റ്റേഷനിൽ പ്രവേശനമുള്ളു.
മംഗള എക്‌സ്‌പ്രസ് എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 1:15 നാണ് പുറപ്പെടുന്നത്. സ്‌റ്റോപ്പുകളിലും മാറ്റങ്ങള്‍ ഏർപ്പെടുത്തിയിലുണ്ട്. ലോക്‌മാന്യതിലക് നേത്രാവതി എക്‌സ്‌പ്രസിന്‍റെ ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂർ സ്റ്റോപ് നിലനിർത്തി. മംഗള എക്‌സ്‌പ്രസിന്‍റെ ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് , സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.
ഓൺലൈൻ വഴി മാത്രമേ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകു. മാസ്ക് ധരിച്ചെത്തുന്നവർക്ക് മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാനാകു. യാത്രക്കാർ ഒന്നര മണിക്കൂർ മുമ്പേ സ്‌റ്റേഷനിൽ പ്രവേശിക്കണം. ജനറൽ കംപാർട്ട്മെന്‍റുകളിൽ യാത്ര അനുവദിക്കില്ല. പാൻട്രിയും പ്രവർത്തിക്കില്ല. എസി, സ്ലീപ്പർ കോച്ചുകളിൽ മുഴുവൻ സീറ്റുകളിലും യാത്രാക്കാരെ അനുവദിക്കും. സംസ്ഥാന സർക്കാരിന്‍റെ ക്വാറന്‍റൈൻ നിർദേശങ്ങൾ പാലിച്ച് മാത്രമേ യാത്ര അനുവദിക്കു. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വൈദ്യപരിശോധനയും ഉണ്ടാകും.