തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് 25,000 കോടിയുടെ നഷ്ടം. വിമാന സർവീസുകളും ട്രെയിൻ ഗതാഗതവും നിർത്തിയതോടെ ടൂറിസം മേഖല പൂജ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം മേഖലയുടെ പ്രതിസന്ധി മറികടക്കാൻ 455 കോടി രൂപയുടെ വായ്പ സഹായ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ട് തരം പദ്ധതികളാണ് ടൂറിസം മേഖലയുടെ ഉണർവിന് വേണ്ടി സർക്കാർ പ്രഖ്യാപിച്ചത്. സംരംഭകർക്കും ടൂറിസം മേഖലയിൽ പണിയെടുക്കുന്നവർക്കും പലിശ ഇളവുകളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
25,000 കോടി നഷ്‌ടത്തില്‍ ടൂറിസം മേഖല; 455 കോടിയുടെ വായ്‌പാ പദ്ധതിയുമായി സര്‍ക്കാര്‍ - കൊവിഡ് വാര്‍ത്തകള്‍
സംരംഭകർക്കും ടൂറിസം മേഖലയിൽ പണിയെടുക്കുന്നവർക്കും പലിശ ഇളവുകളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എസ്.എൽ.ബി.സിയുടെ സഹകരണത്തോടെ 25 ലക്ഷം രൂപയാണ് സംരംഭകർക്ക് വായ്പ അനുവദിക്കുന്നത്. ഇതിൽ ഒരു വർഷത്തെ പലിശയുടെ 50 ശതമാനം ടൂറിസം വകുപ്പ് സബ്‌സിഡി നൽകും. തൊഴിലാളികൾക്ക് 20,000 രൂപ മുതൽ 30,000 വരെ കേരള ബാങ്ക് വായ്‌പയും അനുവദിക്കും. ഒൻപത് ശതമാനമായിരിക്കും പലിശ. ഇതിൽ മൂന്ന് ശതമാനം പലിശ മാത്രമേ തൊഴിലാളികളിൽ നിന്നും ഈടാക്കുകയുള്ളു. ആറ് ശതമാനം പലിശ ടൂറിസം വകുപ്പാണ് നൽകുന്നത്. 2500 ചെറുകിട സംരംഭകർക്ക് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെയും 2500 വൻകിട സംരംഭകർക്ക് അഞ്ച് മുതൽ 25 ലക്ഷം രൂപ വരെയുമാണ് നൽകുന്നത്. തിരിച്ചടവുകൾക്ക് ആറ് മാസത്തെ മൊറട്ടോറിയവും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 45000 കോടി രൂപയായിരുന്നു ടൂറിസം മേഖലയിലെ മൊത്ത വരുമാനം. ഇതാണ് കൊവിഡ് കാരണം പകുതിയായി കുറഞ്ഞത്. 11.9 ലക്ഷം വിദേശ ടൂറിസ്‌റ്റുകളും 1.84 കോടി സ്വദേശി ടൂറിസ്റ്റുകളുമാണ് കേരളത്തിൽ കഴിഞ്ഞ വർഷം എത്തിയത്.