കേരളം

kerala

ETV Bharat / city

അപകടക്കെണി ഒരുക്കി പുന്നാവൂർ അരുവിക്കര പാത

മാറനല്ലൂർ, അരുവിക്കര സ്നാനഘട്ടത്തില്‍ പിതൃതര്‍പ്പണത്തിനായി വിശ്വാസികള്‍ കൂടുതലായും എത്തുന്നത് ഈ പാതയിലൂടെയാണ്.

By

Published : Jul 27, 2019, 7:36 AM IST

അപകടക്കെണി ഒരുക്കി പുന്നാവൂർ അരുവിക്കര പാത

തിരുവനന്തപുരം: ലക്ഷങ്ങൾ പിതൃതർപ്പണത്തിന് എത്തുന്ന മലയിൻകീഴ് പുന്നാവൂർ അരുവിക്കരയിലെ പ്രധാന പാത അപകടഭീഷണി ഉയര്‍ത്തുന്നു. ജില്ലയിലെ നഗരങ്ങളില്‍ നിന്നും മലയോര ഗ്രാമീണമേഖലയിൽ നിന്നുമായി ലക്ഷക്കണക്കിന് വിശ്വാസികള്‍ പിതൃതർപ്പണത്തിനെത്തുന്ന നെയ്യാറിന്‍റെ തീരത്തെ മാറനല്ലൂർ, അരുവിക്കര സ്നാനഘട്ടത്തിലേക്കുള്ള പ്രധാന റോഡാണിത്. റോഡ് തകര്‍ന്നിട്ടും അറ്റകുറ്റപ്പണിപോലും ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. നൂറ്റാണ്ടുകളായി നെയ്യാറിന്‍റെ കടവിലുള്ള പൂർണ പുഷ്കലാ സമേതനായ ശ്രീധർമ ശാസ്താവിന്‍റെ സവിധത്തിൽ പിതൃതർപ്പണം ചെയ്യാൻ വൻതിരക്കാണ് അനുഭവപ്പെടാറുള്ളത്.

അപകടക്കെണി ഒരുക്കി പുന്നാവൂർ അരുവിക്കര പാത

ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങൾക്ക് പുറമെ കാട്ടാക്കട, വിഴിഞ്ഞം, പാപ്പനംകോട്, നെയ്യാറ്റിൻകര, കിഴക്കേകോട്ട ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി ബസുകളും സ്നാനഘട്ടത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. അപകടക്കെണിയായി മാറിയ റോഡിലൂടെ വേണം ഇവയെല്ലാം അരുവിക്കരയിലെത്താൻ. പുന്നാവൂരിൽ നിന്നുമുള്ള ഇറക്കം ഇറങ്ങുന്ന ഭാഗത്താണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് തെന്നിമാറിയിരിക്കുന്നത്. കൂടാതെ 20 മീറ്ററോളം ഭാഗത്ത് റോഡിൽ ടാർ ഉരുണ്ടുകൂടി ഉയര്‍ച്ചയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെടാതെ എത്തുന്ന ഇരുചക്രവാഹന യാത്രികര്‍ തെന്നിവീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായി കഴിഞ്ഞു.

പോങ്ങുംമൂട് കവല മുതൽ പ്ലാവൂർ വരെയുള്ള റോഡ് 11 കോടി രൂപ മുടക്കി ടാർ ചെയ്ത് രണ്ടുവർഷം കഴിഞ്ഞതേയുള്ളു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടൺ കണക്കിന് ഭാരമുള്ള പാറകളുമായി ഇടതടവില്ലാതെ ഒഴുകുന്ന ടോറസ് ലോറികളാണ് റോഡ് തകർക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അരുവിക്കര പിതൃതർപ്പണവുമായി ബന്ധപ്പെട്ട് കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് രണ്ടാഴ്ച മുമ്പ് ക്ഷേത്രത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്ഷണിച്ചുവരുത്തി നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞിരുന്നു. ഈ യോഗത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തുവെങ്കിലും റോഡിന്‍റെ ശോചനീയാവസ്ഥ ചർച്ചയായില്ല എന്നാണ് വിവരം. 50 മീറ്ററോളം ദൂരം റോഡ് പൊളിച്ചുമാറ്റി പുനർനിർമിച്ചാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ. കർക്കിടക വാവിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത് പ്രായോഗികമാണോ എന്നകാര്യം സംശയമാണ്.

ABOUT THE AUTHOR

...view details