തിരുവനന്തപുരം: പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലമായ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനാണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ദിവസം തൃക്കാക്കരയിലെത്തിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉമയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
മത്സര രംഗത്തിറങ്ങാന്‍ ഒരുങ്ങിയിരിക്കാന്‍ ഉമയോട് നേതാക്കള്‍ അഭ്യര്‍ഥിച്ചെന്നാണ് സൂചന. മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ച മുറുക്കുന്നവരെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കെപിസിസി നേതൃത്വം കാണുന്ന ഉപായവും ഉമയുടെ സ്ഥാനാര്‍ഥിത്വമാണ്. കെ സുധാകരനും വി.ഡി സതീശനും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലെത്തിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ ഇരുവരുടെയും സംഘടനാപാടവം കൂടി പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പായി ഇതുമാറും.
ഇക്കുറി സ്വന്തം സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണം എന്ന തീരുമാനത്തിലാണ് ബിജെപി. ഈ മാസം 22ന് എന്‍ഡിഎയുടെ വിപുലമായ യോഗം തൃക്കാക്കരയില്‍ വിളിച്ചിട്ടുണ്ട്. ഗൃഹ സമ്പര്‍ക്കവും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപണവും ബിജെപി പൂര്‍ത്തിയാക്കി. പാര്‍ട്ടി കോണ്‍ഗ്രസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സിപിഎം തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചെങ്കിലും യുഡിഎഫും എന്‍ഡിഎയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച സാഹചര്യത്തില്‍ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലാണ്.
കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ വിജയവും കെ.വി തോമസ് ഇടത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നതും സിപിഎമ്മിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 2008ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം 2011ല്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബെന്നി ബെഹനാനായിരുന്നു ജയം. 2016ല്‍ ബെന്നി ബെഹനാന് പകരം മത്സരിച്ച പി.ടി തോമസ് മണ്ഡലത്തില്‍ നിന്ന് വിജയം സ്വന്തമാക്കി. 2021ല്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞടിച്ചിട്ടും തൃക്കാക്കര കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു.