തിരുവനന്തപുരം :കഴക്കൂട്ടത്ത് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 125 കിലോയോളം കഞ്ചാവാണ് സിറ്റി ഷാഡോ ടീം പിടികൂടിയത്. മലയിൻകീഴ് സ്വദേശി സജീവ് (26), ചെങ്കൽചൂള സ്വദേശി സുബാഷ് (34), ബാലരാമപുരം കാവുവിള സ്വദേശി ഉണ്ണികൃഷ്ണൻ (33) എന്നിവരാണ് അറസ്റ്റിലായത്.
കരമന കിള്ളിപ്പാലത്തെ ഫ്ലാറ്റിൽ കയറി കൊല നടത്തിയ കേസിലെ നാലാം പ്രതിയാണ് സജീവ്. കഞ്ചാവ് കടത്തിന് ഉണ്ണികൃഷ്ണന് ആന്ധ്രയിലും കേസുണ്ട്. നാർക്കോട്ടിക് സെൽ എസിപി ഷീൻ തറയിലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; കൊലക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി വരുന്ന വഴി കഴക്കൂട്ടത്തുവച്ചാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട്ടിലെ മധുര മുതൽ ഷാഡോ സംഘം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽവച്ച് റോഡ് ബ്ലോക്ക് ചെയ്താണ് ഇവരെ പിടികൂടിയത്.
കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും പിടികൂടി. ആന്ധ്ര രജിസ്ട്രേഷൻ നമ്പരിലുള്ള നാല് വ്യാജ നമ്പർ പ്ലേറ്റുകളും കാറിൽ നിന്നും കണ്ടെത്തി. ഒരു കാറിന്‍റെ ഡിക്കിയിലാണ് രണ്ട് കിലോ വീതമുള്ള പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. സ്പെഷ്യൽ തഹസിൽദാർ ലൗലി കുരുവിള സ്ഥലത്തെത്തി പിടിച്ചെടുത്ത കഞ്ചാവ് പരിശോധനയ്ക്ക് നേതൃത്വം നൽകി. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.