തിരുവനന്തപുരം:സന്ദർശകർക്കായി വീണ്ടും കാഴ്‌ചവിരുന്ന് ഒരുക്കുകയാണ് തിരുവനന്തപുരം മൃഗശാല. ഒരു ജോടി കേഴമാനും ആഫ്രിക്കൻ ഗ്രേ പാരറ്റുമാണ് പുതിയ അതിഥികൾ. പൂനെ മൃഗശാലയിൽ നിന്നാണ് പുതിയ അതിഥികളെ തലസ്ഥാനത്ത് എത്തിച്ചത്. പകരം ഒരു ജോടി കാട്ടുപോത്തും കഴുതപ്പുലിയും പൂനെ മൃഗശാലയ്‌ക്ക് നൽകും.
മൃഗശാലയിലെ മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ അതിഥികൾ തലസ്ഥാനത്ത് എത്തിയത്. ഇതിന് പുറമെ രണ്ട് ജോടി സിംഹങ്ങളെയും എത്തിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. നീല കാളയുടെ കൂടിന് സമീപത്തായാണ് കേഴമാന് കൂട് ഒരുക്കിയിരിക്കുന്നത്.
ഈ കൂടിന് എതിർവശത്തായാണ് ആഫ്രിക്കൻ ഗ്രേ പാരറ്റിന് കൂട് ഒരുക്കിയിരിക്കുന്നത്. ദക്ഷിണ ഏഷ്യയിലും ദക്ഷിണ കിഴക്കേ ഏഷ്യയിലുമാണ് കേഴമാൻ കാണപ്പെടുന്നത്. ഇവയുടെ പിൻ കാലുകളെക്കാൾ മുൻ കാലുകൾക്ക് നീളം കൂടുതലാണ്.
തിളക്കമുള്ള തവിട്ട് രോമക്കുപ്പായമാണ് ഇവയുടെ പ്രത്യേകത. ഏറ്റവും മികച്ച രീതിയിൽ സംസാരിക്കാൻ കഴിവുള്ള തത്ത ഇനത്തിലെ ഓർമശാലിയാണ് ആഫ്രിക്കൻ ഗ്രേ പാരറ്റുകൾ. ആഫ്രിക്കൻ സ്വദേശിയായ ഇവയ്‌ക്ക് മാംസം അടങ്ങിയ ആഹാരമാണ് കൂടുതൽ ഇഷ്‌ടം.