തിരുവനന്തപുരം:ശ്രീകാര്യം സിഇടി എഞ്ചിനീയറിങ് കോളജിന് മുന്നിലെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിദ്യാർഥികൾ ഒരുമിച്ച് ഇരിക്കുന്നുവെന്ന കാരണം പറഞ്ഞ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് പണിത നടപടി ശരിയായില്ലെന്ന് മേയർ പറഞ്ഞു. നഗരസഭ ഇവിടെ ആധുനിക നിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നും മേയർ വ്യക്തമാക്കി.
പുതിയ കാത്തിരിപ്പ് കേന്ദ്രത്തിൽ സദാചാര പൊലീസിങ് രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നിരന്ന് ഇരിക്കാവുന്ന ഇരിപ്പിടം മുറിച്ചുനീക്കി മൂന്ന് കസേരകൾ മാത്രമാക്കിയതോടെയാണ് സംഭവം വിവാദമായത്. എഞ്ചിനീയറിങ് കോളജിലെ ആൺകുട്ടികളും പെൺകുട്ടികളും കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ച് ഇരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്യുന്നുവെന്ന സദാചാരവാദം ഉയര്‍ത്തി റസിഡൻസ് അസോസിയേഷനാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു പണിതത്.