തിരുവനന്തപുരം:വാഹന വിവാദം വീണ്ടും കത്തിക്കയറി തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം. വാർഷിക ഭരണ റിപ്പോർട്ടിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയെന്ന് കാട്ടി പ്രധാന പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.
വാർഷിക റിപ്പോർട്ടിലെ കണക്കുകൾ തെറ്റിദ്ധാരണാജനകവും പരസ്‌പര വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയ്ക്ക് സ്വന്തമായി വാഹനങ്ങൾ ഉണ്ടായിരിക്കെ ആറ്റുകാൽ പൊങ്കാലയുടെ ശുചീകരണത്തിന് വാഹനങ്ങൾ വാടകക്ക് എടുത്തതായി കാട്ടി പണം തട്ടിയെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് വാർഷിക റിപ്പോർട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
വാഹന വിവാദം; കത്തിക്കയറി തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം യോഗത്തിൽ വാക്‌പോര്
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ചില വാഹനങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന വാർഷിക റിപ്പോർട്ടിലെ പരാമർശവും പ്രതിപക്ഷം ആയുധമാക്കി. വാഹനങ്ങൾ മോഷണം പോയെങ്കിൽ പൊലീസിൽ പരാതി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.
കേന്ദ്ര ഗവൺമെന്‍റ് നൽകുന്ന പണം ലൈഫ് ഭവനപദ്ധതി എന്ന പേരിലാക്കി സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിന് ഭരണപക്ഷം മറുപടി പറയുമ്പോൾ പ്രതിപക്ഷം തടസപ്പെടുത്താൻ ശ്രമിച്ചതാണ് ബഹളത്തിന് കാരണമായത്. കേന്ദ്ര സർക്കാർ ഒന്നര ലക്ഷം രൂപ മാത്രമാണ് നൽകുന്നതെന്ന് പെതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശദീകരിച്ചപ്പോഴാണ് നൽകിയ മൊത്തം വീടുകളുടെ കണക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.
ALSO READ:വസ്‌ത്ര വ്യാപാര ശാലയുടെ ലൈസൻസ് റദ്ദാക്കി തിരുവനന്തപുരം നഗരസഭ