തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ നികുതിതട്ടിപ്പ് കേസിൽ ശ്രീകാര്യം സോണൽ ഓഫിസ് കാഷ്യർ അനിൽകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം മൂന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി നേമം സോണൽ ഓഫിസ് സൂപ്രണ്ട് എസ്.ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസ് നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. തട്ടിപ്പ് കണ്ടെത്തിയ നാല് മേഖല ഓഫിസുകൾക്ക് പുറമെ മറ്റ് സ്ഥലങ്ങളിൽ കൂടി ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നുള്ള സർക്കാർ അഭിഭാഷകൻ്റെ വാദം കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പ്രതി വ്യാജമായി ചമച്ച രേഖകൾ അടക്കമുള്ള തട്ടിപ്പ് രീതികൾ സംബന്ധിച്ച് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ശ്രീകാര്യം സോണില്‍ 5,12,785 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തിയത്.