തിരുവനന്തപുരം :പരിസ്ഥിതി സൗഹൃദ പദ്ധതികളും സ്ത്രീപക്ഷ പ്രഖ്യാപനങ്ങളുമടങ്ങുന്ന 2022-23 വർഷത്തെ തിരുവനന്തപുരം കോർപ്പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയർ പി കെ രാജു അവതരിപ്പിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 'ലോ കാർബൺ അനന്തപുരി' എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.
സൗരോർജ പദ്ധതികൾ, സാമൂഹ്യ വനവൽക്കരണം, ഇലക്ട്രിക് വാഹനങ്ങൾ, മാലിന്യ നിർമാർജന പദ്ധതികൾ, പ്ലാസ്റ്റിക് ബദൽ ഉൽത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പദ്ധതികളിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ നിർമാണത്തിനും വിതരണത്തിനും 25 ലക്ഷം രൂപയും മാറ്റിവച്ചു. എച്ച്ഐവി ബാധിതർക്ക് ക്ഷേമപ്രവർത്തനങ്ങൾക്കായി ഒരു കോടി 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
സോളാർ സിറ്റി :തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിന് ആറുകോടി രൂപ വകയിരുത്തി. നഗരസഭ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളിലും സ്കൂളുകളിലും സോളാർ പാനൽ സ്ഥാപിക്കൽ, ക്ലീൻ കുക്കിങ്, തെരുവോര കച്ചവടക്കാർക്കായി സോളാർ എൽഇഡി ലൈറ്റുകൾ എന്നിവയാണ് സോളാർ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹരിതവീഥി പദ്ധതിയുടെ ഭാഗമായി റോഡിന്‍റെ വശങ്ങളില്‍ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് 20 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. നഗരത്തിനുള്ളിൽ യാത്ര ചെയ്യാൻ നിശ്ചിത നിരക്കിൽ വാടക ഇലക്ട്രിക് ബൈക്കുകൾ ലഭ്യമാക്കുന്ന പദ്ധതിക്കായി 25 ലക്ഷം രൂപയും, ഇലക്ട്രിക് ഓട്ടോറിക്ഷ, ഇലക്ട്രിക് സ്‌കൂട്ടർ എന്നിവ വാങ്ങുന്നതിന് ധനസഹായം നൽകാൻ രണ്ടുകോടി രൂപയും മാറ്റിവച്ചു.