തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. പ്രതിദിനം 100 മെഗാവാട്ടിന്‍റെ കുറവാണുള്ളത്. ലോഡ്ഷെഡ്ഡിങ്ങും പവർകട്ടും ഏർപ്പെടുത്തുന്നത് സംബന്ധിച്ച് 19ന് റിവ്യൂ മീറ്റിങ് ചേരും. ഈ ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തിന് പ്രതിദിനം രണ്ടുകോടിയുടെ അധിക ബാധ്യതയാണ്. പല ജലവൈദ്യുത പദ്ധതികളും എതിർപ്പുകളെ തുടർന്ന് മുടങ്ങുന്ന സാഹചര്യവുമാണ്.
പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതികൾക്ക് മുൻഗണന നൽകി നടപ്പിലാക്കും. ഇതിന് ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് Also read: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടിയ്ക്ക് പുറമേ കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുത്തു. വൈദ്യുത ഉപഭോഗത്തില്‍ കുറവ് വരുത്തണമെന്ന് പൊതുജനങ്ങളോട് കഴിഞ്ഞദിവസം കെഎസ്ഇബി നിർദേശിച്ചിരുന്നു.
രാജ്യവ്യാപകമായി നേരിടുന്ന കൽക്കരി ക്ഷാമത്തെ തുടർന്നാണ് കേരളത്തിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. 37.7 5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വിവിധ താപവൈദ്യുതനിലയങ്ങളിൽ നിന്നായി കേരളം വാങ്ങുന്നത്.
അതേസമയം, സംസ്ഥാനത്തിന് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ 10 ദിവസത്തിൽ താഴെ മാത്രമുള്ള കൽക്കരി ശേഖരമാണുള്ളത്. സംസ്ഥാനത്തിന് പ്രതിദിനം 3670 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായുള്ളത്.