തിരുവനന്തപുരം:സംശയരോഗത്തിൻ്റെ പേരില്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതിയ്ക്ക് കടുത്ത മാനസിക വിഭ്രാന്തി കാരണം കേസിൻ്റെ വിചാരണ മാറ്റി വച്ചു. ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിനി ശശികലയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ലാലു എന്ന രാജൻ്റെ വിചാരണയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എൻ അജിത് കുമാർ മാറ്റി വച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലുളള പ്രതിയ്ക്ക് കടുത്ത മാനസിക വിഭ്രാന്തി ഉണ്ടെന്നും ചികിത്സ നല്‍കണമെന്നും ജയില്‍ ഡോക്ടര്‍ രണ്ട് വര്‍ഷത്തിന് മുന്‍പ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കേസ് രേഖകളില്‍ ഉണ്ടായിരുന്നെങ്കിലും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
കേസ് വിചാരണ ദിവസം രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയക്ക് മാനസിക രോഗ ചികിത്സ നല്‍കണമെന്ന ഡോക്ടറുടെ നിര്‍ദേശം ശ്രദ്ധയില്‍ പെട്ടത്. മാനസിക രോഗികള്‍ വിചാരണ നേരിടാന്‍ പാടില്ലെന്നാണ് നിലവിലെ ചട്ടം. ഇക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ രോഗം ഭേദമായ ശേഷം വിചാരണ നേരിട്ടാൽ മതിയെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. 2018 ഓഗസ്റ്റ് മാസം 20 നാണ് പ്രതി സ്വന്തം ഭാര്യയെ 15 ഉം 13 ഉം വയസുളള മക്കളുടെ കണ്‍ മുന്നിലിട്ട് സംശയരോഗത്തിന്‍റെ പേരില്‍ കുത്തി കൊലപ്പെടുത്തിയത്.
ALSO READ :'മോൻസണ്‍ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു' ; ഇരയുടെ മൊഴി പുറത്ത്
ശശികലയുടെ അടി വയറ്റില്‍ ആഴത്തിലേറ്റ മൂന്ന് കുത്തുകളാണ് മരണത്തിന് കാരണമായത്. പ്രതി ഇപ്പോഴും മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രോസിക്യൂഷന് വേണ്ടി എം.സലാഹുദീന്‍ ഹാജരായി.