തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. കഴിഞ്ഞ ദിവസമായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഇതിന് ശേഷമാകും അന്തിമ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുക.
ഉപതെരഞ്ഞെടുപ്പ്; ഇന്ന് സൂക്ഷ്മ പരിശോധന - ഉപതെരഞ്ഞെടുപ്പ്
ഒക്ടോബർ മൂന്നാണ് പത്രിക പിൻവലിക്കാനുളള അവസാന തീയതി. ഇതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുക
![ഉപതെരഞ്ഞെടുപ്പ്; ഇന്ന് സൂക്ഷ്മ പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4608088-128-4608088-1569885146144.jpg)
സ്ഥാനാർഥി നിർണയവും പത്രികാ സമര്‍പ്പണവും പൂർത്തിയായതോടെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമാണ്. സ്ഥാനാർഥികളുടെ റോഡ് ഷോ മിക്കയിടത്തും ആരംഭിച്ചു കഴിഞ്ഞു. വീട് കയറിയുള്ള സ്ക്വാഡ് പ്രവര്‍ത്തനവും കുടുംബയോഗങ്ങളും സജീവമാണ്. ഉപതെരഞ്ഞെടുപ്പ് ഭരണ സംവിധാനത്തെ കാര്യമായി ബാധിക്കില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന നിലയിലാണ് മൂന്ന് മുന്നണികളും കാണുന്നത്. ശബരിമല വിഷയം യുഡിഎഫും എന്‍ഡിഎയും പ്രചാരണായുധമാക്കുമ്പോള്‍ എല്‍ഡിഎഫ് ഭരണ നേട്ടങ്ങള്‍ വോട്ടായി മാറ്റാമെന്ന പ്രതീക്ഷയിലാണ്.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഒക്ടോബര്‍ 21ന് പോളിങ് ബൂത്തിലേക്ക് പോവുക. 24ന് ഫലം പുറത്തുവരുമ്പോള്‍ പാലാ ആവര്‍ത്തിക്കില്ലെന്ന വിശ്വാസത്തില്‍ യുഡിഎഫും നിയമസഭയില്‍ ഒരു സീറ്റ് കൂടിയെങ്കിലും വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ എൻഡിഎയും അരൂരിനോടൊപ്പം മറ്റ് നാല് സീറ്റുകള്‍ കൂടി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും ഉപതെരഞ്ഞെടുപ്പ് നേരിടുകയാണ്.