തിരുവനന്തപുരം:മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം യാക്കോബായ സഭ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സഭ അറിയിച്ചു. കട്ടച്ചിറ പള്ളിയിൽ ഒരു മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗവുമായുള്ള തർക്കവും തുടർന്നുള്ള പ്രശ്നങ്ങളെയും തുടർന്നാണ് യാക്കോബായ വിഭാഗം സമരം തുടങ്ങിയത്.
കട്ടച്ചിറ പള്ളിത്തര്‍ക്കം; യാക്കോബായ സഭ സമരം പിന്‍വലിച്ചു
മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതിന് പിന്നാലെയാണ് യാക്കോബായ സഭ സമരം അവസാനിപ്പിച്ചത്.
ഓർത്തഡോക്സ് സഭയുമായി ചർച്ചക്കും അനുരഞ്ജനത്തിനും തയ്യാറാണെന്ന് യാക്കോബായ സഭ മെത്രോ പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് വ്യക്തമാക്കി. ചർച്ചക്കില്ലെന്ന ഓർത്തഡോക്സ് സഭയുടെ നിലപാടാണ് പ്രശ്നം. ഇക്കാര്യത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പള്ളിത്തർക്കത്തിൽ ഇരുവിഭാഗത്തിലും സ്വീകാര്യമായ തീരുമാനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. മൃതദേഹം വെച്ച് വിലപേശുന്നത് നാണക്കേടാണ്. തങ്ങളുടെ പള്ളികൾ പിടിച്ചെടുക്കുന്ന നടപടി തെറ്റാണ്. ഇക്കാര്യത്തെ പ്രതിരോധിക്കാൻ സഭാവിശ്വാസികൾ ഒരുങ്ങിയിരിക്കുകയാണെന്നും ജോസഫ് മാർ ഗ്രിഗോറിയസ് പറഞ്ഞു.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം വീണ്ടും തുടങ്ങുമെന്ന മുന്നറിയിപ്പും യാക്കോബായ സഭ മുന്നോട്ട് വക്കുന്നുണ്ട്.