തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതു മുന്നണി എന്ന രാഷ്‌ട്രീയ സഖ്യ രൂപീകരണം സിപിഐയുടെ ആശയമെന്ന് അവകാശപ്പെട്ട് സിപിഐ തിരുവനന്തപുരം ജില്ല സമ്മേളനത്തിലെ റിപ്പോര്‍ട്ട്. നെടുമങ്ങാട്ട് ആരംഭിച്ച പാര്‍ട്ടി ജില്ല സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കായി വിതരണം ചെയ്‌ത രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഈ അവകാശ വാദം.
1978ല്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് ഇടതു പാര്‍ട്ടികള്‍ പരസ്‌പരമുള്ള പോര് അവസാനിച്ച് ഒറ്റ മുന്നണിയാകണം എന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് അന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് ബന്ധം സിപിഐ ഉപേക്ഷിക്കുയും സിപിഎമ്മും, സിപിഐയും ഉള്‍പ്പെടുന്ന ഇടതുമുന്നണി രൂപീകരിക്കുകയും ചെയ്തു.
ഇതിനു മുന്‍കൈ എടുത്തതും സിപിഐ ആണ്. അതുവരെ ഇരു പാര്‍ട്ടികളും പരസ്‌പരം പോരടിച്ചു നില്‍ക്കുകയായിരുന്നു. അതിനാല്‍ എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക സിപിഐയുടെ കടമയാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വ്യതിയാനമുണ്ടായപ്പോഴൊക്കെ സിപിഐ അതു തിരുത്തി. അതു തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.