തിരുവനന്തപുരം :അന്തരിച്ച, തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും വ്യവസായി എം.എ.യൂസഫലിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ അടയാളമായി ബെന്‍സ് കാര്‍. മാര്‍ത്താണ്ഡവര്‍മ്മ ഉപയോഗിച്ചിരുന്ന 1955 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാർ യൂസഫലിക്ക് കൈമാറാനൊരുങ്ങുകയാണ് രാജകുടുംബം. മാര്‍ത്താണ്ഡവര്‍മ്മയുടെ ആഗ്രഹ പ്രകാരമാണ് തീരുമാനം.
1950കളില്‍ 12000 രൂപ നല്‍കിയാണ് ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ ഈ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടക രജിസ്ട്രേഷന്‍ നടത്തിയ കാറിന്‍റെ നമ്പര്‍ CAN 42 ആണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സായിരുന്നു.
ഒരു മൈല്‍ വേഗതയില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക്, മൈല്‍ എ മിനുട്ട് വിശേഷണം നേടിക്കൊടുത്തത് ഈ ബെന്‍സാണ്. 38-ാം വയസ്സില്‍ തുടങ്ങി സ്വയമോടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണ് കണക്ക്. ഈ കാറില്‍ താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും കാറിന് മുന്നില്‍ പതിച്ചിട്ടുണ്ട്.
Also read: സഹോദരനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ഗോതബായ രാജപക്സെ: ശ്രീലങ്കയില്‍ മന്ത്രിമാർ രാജിവെക്കുന്നു
85-ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഈ കാര്‍ ഓടിച്ചു. ഈ ബെന്‍സ് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അക്കാലത്ത് കൊട്ടാരത്തെ സമീപിച്ചിരുന്നു. ന്യൂജെന്‍ കാറുകളെ വരെ പിന്നിലാക്കി റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ സാക്ഷാല്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചു. തിരിച്ചെടുക്കാമെന്നും, പകരമായി 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ജര്‍മനി ആസ്ഥാനമായുള്ള കമ്പനിയിലെ ഉന്നതര്‍ തന്നെ എത്തി.
എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്ളക്സ് ക്യാമറയും, കാറും ഉള്‍പ്പടെ പുരാതനമായ എല്ലാം സൂക്ഷിയ്ക്കുന്ന മാര്‍ത്താണ്ഡവര്‍മ ജീവന് തുല്യം സ്നേഹിച്ച കാര്‍ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. ഈ വാഹനമാണ് സൗഹൃദത്തിന്റെ സ്‌നേഹ സമ്മാനമായി യൂസഫലിക്ക് നല്‍കണമെന്ന് മാര്‍ത്താണ്ഡവര്‍മ മരണത്തിനുമുന്‍പ് അറിയിച്ചത്. 2012 ല്‍ യൂസഫലി കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിയ്ക്കാനുള്ള ആഗ്രഹം രാജാവ് നേരിട്ടറിയിക്കുകയായിരുന്നു.
ഈ ആഗ്രഹം നിറവേറ്റാൻ രാജകുടുംബം ഉടന്‍തന്നെ കാര്‍ യൂസഫലിക്ക് കൈമാറും. പഴമയുടെ പ്രൗഢിയുള്ള ഈ കാര്‍ ഇപ്പോൾ മാര്‍ത്താണ്ഡവര്‍മയുടെ മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്‍റെയും സംരക്ഷണയിലാണ്.