ആരോഗ്യവകുപ്പില്‍ വീണ്ടും താല്‍ക്കാലിക നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവർത്തനം സുഗമമാക്കാനാണ് 40 സ്‌റ്റാഫ് നഴ്‌സുമാരുടെ താല്‍ക്കാലിക നിയമനങ്ങളെന്ന് ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ ആരോഗ്യ വകുപ്പിൽ വീണ്ടും താല്‍ക്കാലിക നിയമനത്തിന് സർക്കാർ ഉത്തരവ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 40 സ്റ്റാഫ് നഴ്സുമാരെ താല്‍ക്കാലികമായി നിയമിക്കാനാണ് നിർദേശം. ഉത്തരവിന്‍റെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവർത്തനം സുഗമമാക്കാനാണ് താല്‍ക്കാലിക നിയമനങ്ങളെന്ന് ഉത്തരവിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് 2018 ഒക്ടോബർ 30 ന് നിലവിൽ വന്ന സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെയാണ് താല്‍ക്കാലിക നിയമനത്തിനുള്ള നടപടി. 86 അനധ്യാപക തസ്തികകളിൽ താല്‍ക്കാലിക നിയമനത്തിന് നേരത്തേ ശുപാർശ ചെയ്തിരുന്നു. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട 40 പേരുടെ പേരുകൾ സഹിതമാണ് ഉത്തരവ്. തുച്ഛമായ നിയമനങ്ങൾ മാത്രം നടന്ന അൻപതോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഈ മാസം റദ്ദാകും.