തിരുവനന്തപുരം:പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയ ബഹിഷ്‌കരണം തുടർന്ന് അധ്യാപകർ. ഉത്തര സൂചികയിലെ അവ്യക്തതയും ആശയക്കുഴപ്പവും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം. അതേസമയം ഉത്തരസൂചികയിൽ അപാകതയില്ലെന്നും ഒരു വിഭാഗം അധ്യാപകരുടെ തെറ്റിദ്ധാരണയാണ് ബഹിഷ്‌കരണത്തിനു പിന്നിലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബഹിഷ്‌കരണം തുടർന്നാൽ വകുപ്പുതല നടപടിയിലേക്ക് കടക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്കരിച്ച് അധ്യാപകര്‍: നടപടിക്കൊരുങ്ങി സർക്കാർ - പ്ലസ് ടു മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച് കെമിസ്ട്രി അധ്യാപകര്‍
ഉത്തര സൂചികയിലെ അവ്യക്തതയും ആശയക്കുഴപ്പവും ചൂണ്ടിക്കാട്ടിയാണ് ബഹിഷ്‌കരണം.
സ്‌കീം ഫൈനലൈസേഷനിൽ അധ്യാപക പ്രതിനിധികൾ തയ്യാറാക്കി നൽകിയ ഉത്തര സൂചികയല്ല മൂല്യനിർണയത്തിന് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും ബഹിഷ്‌കരണം വ്യാപിപ്പിച്ചു.
പ്ലസ് ടു കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നാണ് അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾ കഴിഞ്ഞ രണ്ടു വർഷം കൃത്യമായി സ്‌കൂളിൽ പോയിട്ടുമില്ല. ഇതെല്ലാം കണക്കിലെടുത്താണ് അധ്യാപക പ്രതിനിധികൾ ഉത്തരസൂചിക തയ്യാറാക്കി നൽകിയത്.