തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർബന്ധിച്ചുവെന്ന് എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയുടെ മൊഴി. മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചുവെന്നാണ് പാലാരിവട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിജി വിജയൻ്റെ മൊഴി. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തിയ സ്വപ്നയുടെ ശബ്ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിനാണ് സിജി വിജയൻ മൊഴി നൽകിയത്. മൊഴിപ്പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു. സ്വപ്നയെ സമ്മർദ്ദം ചെലുത്തി മുഖ്യമന്ത്രിയുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്ലെന്ന് സിജി മൊഴിയിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ നിർബന്ധിച്ചു; പൊലീസുകാരിയുടെ മൊഴി പുറത്ത് - മുഖ്യമന്ത്രി പിണറായി വിജയൻ
സ്വപ്നയെ സമ്മർദ്ദം ചെലുത്തി മുഖ്യമന്ത്രിയുടെ പേര് പറയിക്കുന്ന തരത്തിലുള്ളതായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്ലെന്ന് സിജി മൊഴിയിൽ വ്യക്തമാക്കുന്നു.
"ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് സ്വപ്നയോട് ഇഡി ഉദ്യോഗസ്ഥർ പറയുന്നത് താൻ കേട്ടു. ഇഡി ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ ഫോൺകോളുകൾ വരുന്നുണ്ടായിരുന്നു. ഹിന്ദിയിലാണ് സംസാരിച്ചത്. 2020 ആഗസ്റ്റ് 14 ന് സ്വപ്നയെ കോടതിയിൽ ഹാജരാക്കിയപ്പോൾ കസ്റ്റഡിയിൽ ടോർച്ചർ ചെയ്യുന്നുവെന്നും ഉറങ്ങാൻ സമ്മതിക്കില്ലെന്നും അഭിഭാഷകൻ മുഖാന്തരം സ്വപ്ന പരാതിപ്പെട്ടിരുന്നു. ആ ദിവസങ്ങളിൽ രാത്രി ആണ് സ്വപ്നയെ ചോദ്യം ചെയ്തിരുന്നത്. പുലർച്ചെയാണ് ചോദ്യംചെയ്യൽ അവസാനിക്കാറ്. താൻ ഉള്ള സമയങ്ങളിൽ സ്വപ്നയെ ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തി ചോദ്യം ചെയ്തിരുന്നത് രാധാകൃഷ്ണൻ സാർ ആണെന്നും സിജിയുടെ മൊഴിയിൽ പറയുന്നുണ്ട്.
വോയിസ് ക്ലിപ്പ് സംസാരം ആരാണ് റെക്കോർഡ് ചെയ്തതെന്നോ എവിടെവച്ചാണ് റെക്കോർഡ് ചെയ്തതെന്നോ തനിക്കറിയില്ല. താൻ സ്വപ്നയോടൊപ്പം ചോദ്യംചെയ്യുന്ന മുറിയിൽ ഉള്ള സമയം വോയിസ് ക്ലിപ്പിൽ സ്വപ്ന പറയുന്നതുപോലെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.തൻ്റെ ഡ്യൂട്ടി സമയത്ത് സ്വപ്ന ഫോൺ ഉപയോഗിച്ച് കണ്ടിട്ടില്ല. സ്വപ്ന കസ്റ്റഡിയിലുള്ള സമയം ഭർത്താവും മകളും വന്നിട്ടുണ്ടായിരുന്നു. സരിത്തിൻ്റെ ചില ബന്ധുക്കളും സ്വപ്നയെ കാണാൻ വന്നിരുന്നു. സന്ദർശകർ ഉള്ള സമയം തങ്ങൾ മാറിനിൽക്കുമായിരുന്നു. വോയിസ് ക്ലിപ്പിലെ സംഭാഷണത്തിൽ സ്വപ്ന ആരോടാണ് സംസാരിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും സിജിയുടെ മൊഴിയിൽ പറയുന്നു.