തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ രഹസ്യ മൊഴി തിരുത്താൻ സ്വപ്‌നയോട് ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന ഷാജ് കിരണിനെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി മധുസൂദൻ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചു. ചെന്നൈയിലുള്ള ഇരുവരും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചതായാണ് വിവരം.
അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. സ്വപ്‌നയുടെ ശബ്‌ദരേഖയ്ക്ക് പിന്നിൽ സർക്കാരിനെതിരായ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ഷാജ് കിരണും ഇബ്രാഹിമും ഡിജിപിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘം ഇരുവരുടെയും മൊഴിയെടുക്കുന്നത്.