തിരുവനന്തപുരം: കേരളം പിടിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ നടപ്പാക്കിയ എല്ലാ തന്ത്രങ്ങളും പാളിയതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ എത്തിച്ച് ലക്ഷ്യം കൈവരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്തിന്‍റെ പൂഴിക്കടകന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും നേരിട്ടാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് നിയമിച്ചിരിക്കുന്നത് എന്നാണ് വിവരം.
ശബരിമല സ്ത്രീ പ്രവേശന വിഷയം മുന്‍ നിര്‍ത്തി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെയും മെട്രോമാന്‍ ഇ.ശ്രീധരനെയും ഇറക്കി ബിജെപി നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി നേതൃത്വം നടത്തിയ എല്ലാ പരീക്ഷണങ്ങളും പാളി. ഇതിന് പിന്നാലെയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സുരേഷ് ഗോപിയെ ബിജെപിയുടെ സംസ്ഥാനത്തെ ഏറ്റവും പരമോന്നത സമിതിയായ കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയത്.
വരുന്ന ഡിസംബറില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ കാലാവധി തീരാനിരിക്കെ ഒരു തവണ കൂടി പ്രസിഡന്‍റ് സ്ഥാനം നോട്ടമിടുന്ന സുരേന്ദ്രനെ വെട്ടി സംസ്ഥാന പ്രസിഡന്‍റായി സുരേഷ് ഗോപിയെ നിയമിച്ചാലും അത്ഭുതപ്പെടാനില്ല. സംസ്ഥാനത്തിന്‍റെ ചുമതലയിലേക്ക് കേന്ദ്ര നേതൃത്വം അടുത്തിടെ കൊണ്ടു വന്ന മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ ഇടപെടലും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന.