തിരുവനന്തപുരം:സർക്കാർ ഖജനാവിൽ പണം കുറവുള്ള സാഹചര്യത്തിൽ ആവശ്യമില്ലാത്ത പദ്ധതികൾ നടപ്പാക്കുന്നത് ശരിയാണോ എന്ന് ഉപ ലോകയുക്ത ഹാരുൺ അല്‍ റഷീദ്. സർക്കാർ പണമെന്നാൽ അത് ജനങ്ങളുടെ പണമാണെന്നും, ഇത് തോന്ന്യാസം കാണിക്കുവാനുള്ളതല്ല എന്നും ഉപ ലോകയുക്ത വിമർശിച്ചു.
എൻ.സി.പി വിചാരിച്ചാൽ അൻപത് ലക്ഷം രൂപ അവരുടെ മരണപെട്ട നേതാവിന് നൽകുവാൻ സാധിക്കും. എന്നാൽ സർക്കാർ ഇതിന് ആലോചനയില്ലാതെ പണം ചെലവാക്കി. എന്തിനാണ് സർക്കാർ വടി കൊടുത്ത് അടി വാങ്ങിക്കുന്നതെന്നും സർക്കാരിന്‍റെ എടുത്ത് ചാട്ടം കുറയ്‌ക്കണമെന്നും ഉപ ലോകയുക്ത പറഞ്ഞു.
അതേസമയം സർക്കാർ ജനങ്ങളെ സഹായിക്കാൻ തീരുമാനങ്ങൾ എടുക്കുന്നത് തെറ്റാണോ എന്നും ഉപലോകായുക്‌ത പരാതികരന്‍റെ അഭിഭാഷകനോട് ചോദിച്ചു. 25 ലക്ഷം രൂപ അനുവദിച്ചതാണോ കുഴപ്പം, അഞ്ചു ലക്ഷമാണെങ്കിൽ പരാതി കാണില്ലേയെന്നും ഉപ ലോകയുക്ത ചോദിച്ചു. എന്നാൽ ഇവിടെ സർക്കാർ തന്നെ ഉത്തരവ് അനുസരിച്ച് പാലിക്കേണ്ട നടപടികൾ സ്വീകരിക്കാതെയാണ് മന്ത്രിസഭാ തീരുമാനമെടുത്തതാണ് തന്‍റെ പരാതി എന്ന് അഡ്വ. ജോർജ് പുന്തോട്ടം മറുപടി നൽകി.
മന്ത്രിസഭാ തീരുമാനത്തിൽ മുഖ്യമന്ത്രി എങ്ങനെ കുറ്റക്കാരനാകും
മന്ത്രിസഭ തീരുമാനം എടുക്കുന്നത് മുൻപായി മന്ത്രിമാർ ഗൂഢാലോചന നടത്തിയതായി പരാതിയില്ല. മന്ത്രിസഭയിൽ എത്ര തുക വേണമെങ്കിലും അനുവദിക്കാം. ഇത്തരം തീരുമാനങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ എങ്ങനെ കുറ്റകാരൻ ആകുമെന്ന് ലോകായുക്ത സിറിയാക് ജോസഫ് ആരാഞ്ഞു. എന്നാൽ കാസർകോട് ജില്ല കർണാടകത്തിന് വിട്ടു നൽകാൻ മന്ത്രിസഭായക്ക് കഴിയില്ലെന്നും തീരുമാനങ്ങൾ യുക്തിപൂർണവും നിയമ പ്രകാരവുമാകണമെന്ന് ജോർജ് പുന്തോട്ടം പറഞ്ഞു.