കേരളം

kerala

ETV Bharat / city

നിയമവകുപ്പിന്‍റെ പച്ചക്കൊടി; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം - എബിവിപി

നിയമം നിലവില്‍ വരുന്നതോടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ച കോളജുകളിലും, നിലവില്‍ പേരിനു മാത്രം സംഘടനാ പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ള കോളജുകളിലും രാഷ്‌ട്രീയപ്രവര്‍ത്തനം തടയുക ദുഷ്‌കരമാകും.

കോളേജുകളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം; സര്‍ക്കാര്‍ നീക്കത്തിന് നിയമവകുപ്പിന്‍റെ പച്ചക്കൊടി

By

Published : Sep 9, 2019, 5:43 PM IST

തിരുവനന്തപുരം: ക്യാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് നിയമവകുപ്പിന്‍റെ അംഗീകാരം. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടനുണ്ടാകും. യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ്, സ്വാശ്രയ കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോളേജുകളിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന് നിയമപ്രാബല്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമം നിലവില്‍ വരുന്നതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുള്ള സ്വാശ്രയ, സര്‍ക്കാര്‍ കോളേജുകളില്‍ വിലക്കുണ്ടാകില്ല. നിയമം പ്രാബല്യത്തിലാകുന്നതോടെ വിദ്യാര്‍ഥി സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണ്ടി വരും.

സംഘടനകള്‍ അവയുടെ ബൈലോ നല്‍കിയാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. ബൈലോയില്‍ പറയും പ്രകാരം കൃത്യമായി ഭാരവാഹി തിരഞ്ഞെടുപ്പും നടത്തേണ്ടിവരും. നിയമം നിലവവില്‍ വരുന്നതോടെ വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന തലത്തില്‍ അതോറിറ്റിയുണ്ടാക്കും. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ ചേര്‍ന്നാകും അതോറിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുക. വിരമിച്ച ഹൈക്കോടതി ജഡ്ജി, വിരമിച്ച വൈസ് ചാന്‍സലര്‍, പ്രാഗത്ഭ്യമുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. അധ്യാപകര്‍, മാനേജ്‌മെന്‍റ് പ്രതിനിധി, പ്രിന്‍സിപ്പാള്‍, കോളജ് കൗണ്‍സില്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ വിദ്യാര്‍ഥികള്‍ക്ക് അതോറിട്ടിക്ക് നല്‍കാം. പരാതി ശരിയെന്നു കണ്ടാല്‍ തിരുത്തല്‍ നിര്‍ദ്ദേശം നല്‍കാനും 10 ലക്ഷം രൂപവരെ പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. നിയമം നിലവില്‍ വരുന്നതോടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ച കോളജുകളിലും, നിലവില്‍ പേരിനു മാത്രം സംഘടനാ പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ള കോളജുകളിലും രാഷ്‌ട്രീയപ്രവര്‍ത്തനം തടയുക ദുഷ്‌കരമാകും.

ABOUT THE AUTHOR

...view details