തിരുവനന്തപുരം: 55 വര്‍ഷത്തെ തെരുവ് ജീവിതം, കണ്‍മുന്നില്‍ കണ്ട നൂറായിരം കാഴ്ചകള്‍. മുന്നിലൂടെ നടന്നുനീങ്ങിയ പാദങ്ങള്‍ നോക്കി കബീര്‍ ചോദിക്കുകയാണ് ഭാരം നോക്കാനുണ്ടോ!. തീരുവനന്തപുരം നഗരവീഥികളിലൂടെ കടന്നുപോകുന്നവര്‍ ഒരിക്കലെങ്കിലും കബീറിനെ കാണാതെ പോയിട്ടുണ്ടാകില്ല. തിരിച്ചറിയാന്‍ അധികമാര്‍ക്കുമില്ലാത്ത ഒരടയാളം കബീറിനുണ്ട്.
മുന്നില്‍ ഭാരം നിര്‍ണയിക്കുന്ന ഉപകരണവും മുഖത്ത് നിസംഗതയും. തിരുവനന്തപുരം ഫൈൻ ആര്‍ട്‌സ് കോളേജിന് മുന്നിലെ മരത്തണലില്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കബീറുണ്ട്. കൊല്ലം ഇരവിപുരം സ്വദേശിയായ ഇദ്ദേഹം ചെറുപ്രായത്തില്‍ തുടങ്ങിയതാണ് തെരുവോര കച്ചവടം. കേരളത്തിലങ്ങോളം ഇങ്ങോളം കശുവണ്ടി പരിപ്പ് കച്ചവടമായിരുന്നു.
അത് നഷ്ടത്തിലായി ജീവിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ഭാരം നിര്‍ണയിക്കുന്ന ഉപകരണവുമായി റോഡിലേക്ക് ഇറങ്ങിയത്. ദിവസം 200 മുതല്‍ 300 രൂപവരെ കിട്ടുമായിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് അരപ്പട്ടിണിയാണ്. ആര്‍ട്‌സ് കോളേജില്‍ ശില്‍പ്പങ്ങളുടെ മോഡലായി വര്‍ഷങ്ങളോളം കബീര്‍ ഉണ്ടായിരുന്നു.