തിരുവനന്തപുരം: തലസ്ഥാനത്തെ ശുദ്ധജല സ്രോതസായ അരുവിക്കര ഡാമിന്‍റെ സംഭരണ ശേഷി കൂട്ടാന്‍ ജലസേചന വകുപ്പ് നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി ഡാമിന്‍റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞ എക്കലും ചെളിയും മണലും നീക്കാന്‍ ജലസേചന വകുപ്പ് ഒരാഴ്ചയ്ക്കുള്ളില്‍ താല്‍പര്യ പത്രം പുറത്തിറക്കും. 1933 ല്‍ കമ്മിഷന്‍ ചെയ്‌ത അരുവിക്കര ഡാമിന്‍റെ വിസ്‌തൃതി 48 ഹെക്ടറാണ്. ഇതില്‍ പകുതിയിലേറെയും എക്കലും ചെളിയും പായലും നിറഞ്ഞ് പൂര്‍ണ തോതില്‍ ജലസംഭരണം തടസപ്പെട്ട നിലയിലാണ്. രണ്ട് ദശലക്ഷം ഘന അടി സംഭരണ ശേഷിയുള്ള ഡാമിന്‍റെ നിലവിലെ ശേഷി ഇതിന്‍റെ പകുതിയാണ്. എക്കലും ചെളിയും നീക്കുന്നതോടെ ഇത് പഴയ സംഭരണ ശേഷിയിലെത്തുമെന്നാണ് പ്രതീക്ഷ.
അരുവിക്കര ഡാമിന്‍റെ സംഭരണ ശേഷി കൂട്ടാന്‍ നടപടി ആരംഭിച്ചു
രണ്ട് ദശലക്ഷം ഘന അടി സംഭരണ ശേഷിയുള്ള ഡാമിന്‍റെ പകുതിയിലേറെയും എക്കലും ചെളിയും പായലും നിറഞ്ഞ് പൂര്‍ണ തോതില്‍ ജലസംഭരണം തടസപ്പെട്ട നിലയിലാണ്
ഡാമിന്‍റെ സംഭരണ ശേഷി കൂട്ടുന്നതോടെ തിരുവനന്തപുരം നഗരത്തിന് പത്ത് ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാന്‍ കഴിയും. നിലവില്‍ അഞ്ച് ദിവസത്തേക്കുള്ള വെള്ളം ശേഖരിക്കാനുള്ള ശേഷി മാത്രമേ ഡാമിനുള്ളൂ. ചെളിയും എക്കലും നീക്കി ഡാമിന്‍റെ സംഭരണ ശേഷി വര്‍ധിപ്പിക്കണമെന്ന് സ്ഥലം എംഎല്‍എ കെ.എസ് ശബരീനാഥന്‍ നിരവധി തവണ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്. താല്‍പര്യ പത്രത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ശുദ്ധീകരണം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡാം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.നൗഷാദ് ഇടിവി ഭാരതിനോട് പറഞ്ഞു. ഡാം ശുചീകരിക്കുമ്പോള്‍ കുടിവെള്ളത്തില്‍ ചെളി കലരാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.