കേരളം

kerala

ETV Bharat / city

സ്ത്രീധന നിരോധനത്തിന് സമഗ്ര പദ്ധതി; നവംബര്‍ 26 സ്ത്രീധന വിരുദ്ധ ദിനം

സ്ത്രീ സുരക്ഷക്കായി കനല്‍ പദ്ധതി. നവംബര്‍ 26 സ്ത്രീധന നിരോധന ദിനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയില്ലെന്ന സത്യപ്രസ്താവന നല്‍കണം.

prohibition of dowry  dowry issue news  State Government news  കേരള സർക്കാർ വാർത്തകള്‍  സ്ത്രീധന നിരോധനം  സ്ത്രീധനം
സംസ്ഥാന സര്‍ക്കാര്‍

By

Published : Jul 24, 2021, 11:13 AM IST

Updated : Jul 24, 2021, 2:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധനം എന്ന അനീതി അവസാനിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീധന വിരുദ്ധ ദിനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സത്യവാങ്‌മൂലവും കൂടാതെ സ്ത്രീ സുരക്ഷക്കായി കനല്‍ പദ്ധതിയുമാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.

നവംബര്‍ 26 സ്ത്രീധന നിരോധന ദിനം

സംസ്ഥാനത്ത് എല്ലാ വര്‍ഷവും നവംബര്‍ 26 സ്ത്രീധന നിരോധന ദിനമായി ആചരിക്കും. ഹൈസ്‌കൂള്‍ മുതല്‍ കോളജ് തലംവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാലയ അസംബ്ലിയില്‍ അന്നേ ദിവസം പ്രതിജ്ഞയെടുക്കണം. സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറാണ് മുഖ്യ സ്ത്രീധന നിരോധന അധികാരി എന്ന നിലയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സത്യപ്രസ്താവന നല്‍കണം

ഇനിമുതല്‍ വിവാഹിതരാകുന്ന പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയില്ലെന്ന സത്യപ്രസ്താവന നല്‍കണം. ഉദ്യോഗസ്ഥന് പുറമേ വധുവും ഇരുവരുടെയും മാതാപിതാക്കളും സത്യപ്രസ്താവനയില്‍ ഒപ്പുവയ്ക്കണം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം ഇത് നിശ്ചിതമാതൃകയില്‍ ഓഫീസ് മേലധികാരിക്ക് സമര്‍പ്പിക്കണം.

ഓരോ വകുപ്പിന്‍റെയും ജില്ലാ തലവന്‍ താഴെയുള്ള ഓഫിസുകളിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് ആറ് മാസത്തിലൊരിക്കല്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായ വനിതാ ശിശുക്ഷേമ ഓഫീസര്‍ക്ക് നല്‍കണം. വിവാഹത്തിന് മുന്‍പും പിന്‍പും നല്‍കുന്നതോ നല്‍കാമെന്ന് സമ്മതിക്കുന്നതോ ആയ വസ്തുവകകളും വിലപിടിപ്പുള്ള ഏതു സാധനവും സ്ത്രീധനത്തിന്‍റെ നിര്‍വചനത്തില്‍ വരും.

വാങ്ങുന്നതും കൊടുക്കുന്നതും കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവാണ് ശിക്ഷ. ഒപ്പം ഇടപാടിന്‍റെ മൂല്യമോ പതിനയ്യായിരം രൂപയോ കൂടുതല്‍ ഏതാണോ അത് എന്ന നിരക്കില്‍ പിഴയും ഈടാക്കും. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കും.

സ്ത്രീസുരക്ഷയ്ക്കായി കനല്‍

സ്ത്രീധനപീഡനം തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമായി കനല്‍ പദ്ധതിയുമായി വനിതാശിശു വികസന വകുപ്പ്. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക, സ്ത്രീകളെ ശാക്തീകരിക്കുക, ഓരോ വ്യക്തിയെയും ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

സ്ത്രീധന പീഡനം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള തുടര്‍ച്ചയായ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയിട്ടുള്ള സംവിധാനങ്ങള്‍ നല്‍കുന്നതിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ എല്ലാ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.

കോളജുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ അവബോധ പരിപാടി സംഘടിപ്പിക്കും. ഒരു ലക്ഷത്തോളം അവബോധ പോസ്റ്റര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിക്കും.

Last Updated : Jul 24, 2021, 2:47 PM IST

ABOUT THE AUTHOR

...view details