തിരുവനന്തപുരം: ശ്വാസകോശ രോഗങ്ങളുള്ളവരുടെ സ്രവങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന അക്രിലോസോര്‍ബ് എന്ന ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ച് തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍. കൊവിഡ് 19, ഫ്ലൂ, ക്ഷയം എന്നീ രോഗങ്ങളുള്ളവരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ സാധ്യത വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിലേക്ക് ശ്രീചിത്രയിലെ ഗവേഷകര്‍ കടന്നത്.
തീവ്രപരിചരണ വിഭാഗങ്ങളിലും വാര്‍ഡുകളിലും കഴിയുന്ന രോഗികളുടെ സ്രവങ്ങളാണ് സുരക്ഷിതമായി പുതിയ ഉപകരണം ഉപയോഗിച്ച് നീക്കം ചെയ്യാവുന്നത്. സക്ഷന്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാവുന്ന അണുനാശിനി അടങ്ങിയ ദ്രവ ആഗിരണശേഷിയോട് കൂടിയ ബാഗുകളാണിവ. അക്രിലോ സോര്‍ബ് എന്നു പേരിട്ടിരിക്കുന്ന ബാഗിലേക്ക് വലിച്ചെടുക്കപ്പെടുന്ന സ്രവങ്ങള്‍ ഖരാവസ്ഥയിലെത്തുന്നതിനാല്‍ സാധാരണ ജൈവമാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുന്ന രീതിവഴി സുരക്ഷിതമായി നശിപ്പിക്കാം.