തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിനെ കുരുക്കിലാക്കി പുതിയ ആരോപണങ്ങള്‍. കൊവിഡിന് വാക്സിൻ കണ്ടെത്താൻ ഗവേഷണം നടത്തുന്ന അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറുമായി സ്പ്രിംഗ്ലറിന് ബന്ധം. ഫൈസർ കമ്പനിയുടെ സാമൂഹമാധ്യമ ഇടപെടലിന് സഹായം നൽകുന്നത് സ്പ്രിംഗ്ലറാണ്. ബന്ധം വ്യക്തമാക്കുന്ന രേഖകൾ പുറത്തു വന്നു.
സ്പ്രിംഗ്ലറിന് അമേരിക്കന്‍ മരുന്ന് കമ്പനിയുമായി ബന്ധം - സ്‌പ്രിംഗ്ലര്‍ വിവാദം വാര്‍ത്തകള്‍
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്‍റെ സാമൂഹമാധ്യമ ഇടപെടലിന് സഹായം നൽകുന്നത് സ്പ്രിംഗ്ലറാണ്.
ലണ്ടനിലുളള എസ്.എം.ഐ ഗ്രൂപ്പ് 2017 നവംബർ 29 ന് നടത്തിയ വാർഷിക സോഷ്യൽ മീഡിയ കോൺഫറൻസിലാണ് ഫൈസറിന്‍റെ ഉന്നത ഉദ്യോഗസ്ഥയായ സെറ ഹോൾഡെ സ്പ്രിംഗ്ലറുമായുള്ള ബന്ധം വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴി രോഗികളുമായി സംവദിക്കുന്നതിന് സ്പ്രിംഗ്ലറിനെ ഉപയോഗിക്കുന്നുവെന്നാണ് സെറ ഹോൾഡെ വ്യക്തമാക്കിയത്. ഫാർമസി രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസ് ടു ബിസിനൻസ് കമ്പനിയാണ് എസ്.എം.ഐ. ഈ മേഖലയിൽ കോൺഫറൻസുകൾ സംഘടിപ്പിക്കുന്ന കമ്പനിയാണിത്.
ഇതു കൂടാതെ ഫാർമ ഡയറക്ടറിയിൽ തിരയുമ്പോള്‍ സ്പ്രിംഗ്ലറിന്‍റെ വെണ്ടർമാരുടെ പട്ടികയിൽ ഫൈസറിന്‍റെ പേരും വ്യക്തമാണ്. കേരളത്തിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ സ്പ്രിംഗ്ലർ ഫൈസർ കമ്പനിയ്ക്ക് നൽകിയതു സംബന്ധിച്ച് തെളിവുകളില്ല. എന്നാൽ കൊവിഡ് വാക്സിൻ ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയുമായുള്ള സ്പ്രിംഗ്ലറ്റിന്‍റെ ബന്ധമാണ് ദുരൂഹത വർധിപ്പിക്കുന്നത്.