തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സ്‌പീക്കര്‍ നിഷേധിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാനും കേസിൽ സർക്കാരിന് പങ്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന എം ശിവശങ്കർ ഗൂഢാലോചന നടത്തിയെന്ന സ്വപ്‌ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായില്ല എന്ന് ആരോപിച്ച് പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ ഈ വിഷയങ്ങളെല്ലാം കോടതിയുടെ പരിഗണനയിലായതിനാൽ നോട്ടീസിന് അവതരണാനുമതി നൽകാനാകില്ലെന്ന് സ്‌പീക്കർ എം.ബി രാജേഷ് അറിയിച്ചു. ഇതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം നടത്തി.
എന്നാൽ ഇത് വകവയ്ക്കാതെ സ്‌പീക്കർ ശ്രദ്ധ ക്ഷണിക്കൽ നടപടിയിലേക്ക് കടന്നു. പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ നടുത്തളത്തിൽ പ്രതിഷേധം നടക്കുമ്പോൾ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കാനാകില്ലെന്ന് സ്‌പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിലേക്ക് മടങ്ങി.
Also read: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം ഒ.ബി.സിയില്‍ ; തീരുമാനം മന്ത്രിസഭായോഗത്തില്‍