തിരുവനന്തപുരം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിർഭാഗ്യകരമെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന കോട്ടയം മുൻ എസ്‌പി എസ് ഹരിശങ്കർ. ചൂഷണം അനുഭവിച്ചവർ ആജീവനാന്തം നിശബ്‌ദത പാലിക്കണമെന്നാണോ കോടതി വിധി നൽകുന്ന സന്ദേശമെന്നും അദ്ദേഹം ചോദിച്ചു.
നീതിന്യായ വ്യവസ്ഥയിലെ അത്ഭുതകരമായ വിധി; അപ്പീൽ പോകുമെന്ന് എസ്‌പി എസ് ഹരിശങ്കർ ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. അപ്പീൽ പോകാനാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനാൽ അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയുടെ നിലനിൽപ്പു തന്നെ പീഡിപ്പിച്ചയാളെ ആശ്രയിച്ചാണിരുന്നത്. അപ്പോൾ ഉടൻ പ്രതികരിക്കണമെന്ന് പറയുന്നതിൽ കാര്യമില്ല. രണ്ടുവർഷത്തെ മാനസിക സമ്മർദ്ദത്തിന് ഒടുവിലാണ് കന്യാസ്ത്രീ ബലാത്സംഗം സംബന്ധിച്ച് വെളിപ്പെടുത്തുന്നത്.
ALSO READ:കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌ത കേസ്; ഫ്രാങ്കോ മുളയ്‌ക്കല്‍ കുറ്റവിമുക്തന്‍
നിരവധി സാക്ഷികളും തെളിവുകളും ഉണ്ടായിരുന്നു. ഇരയുടെ മൊഴി തന്നെ പരിഗണിക്കാമെന്ന സുപ്രീംകോടതി വിധി നിലനിൽക്കുമ്പോൾ വന്ന ഈ വിധിയിൽ ഞെട്ടലുണ്ട്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തന്നെ അത്ഭുതകരമായ വിധിയാണിതെന്നും ഹരിശങ്കർ പറഞ്ഞു.